‘ഫൈറ്ററി’ലെ ചുംബന വിവാദം; എല്ലാം എയർഫോഴ്സിന്റെ അറിവോടും സമ്മതത്തോടും കൂടി, സംവിധായകന്റെ വിശദീകരണം

ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ ഫൈറ്റര്‍ സിനിമയിലെ ചുംബന രംഗം വിവാദമായതോടെ വിശദീകരണവുമായി സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്. തിരക്കഥ മുതല്‍ പോസ്റ്റ്‌ പ്രൊഡക്ഷന്‍ വരെ എയര്‍ഫോഴ്സിന്റെ പൂര്‍ണ്ണ സഹകരണത്തോടെയാണ് സിനിമ ചെയ്തത്. സെന്‍സര്‍ ബോര്‍ഡിന് സിനിമ സമര്‍പ്പിക്കുന്നതിന് മുന്‍പ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സിനിമ കണ്ട് വിലയിരുത്തിയശേഷം എന്‍ഒസി ( നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കിയതാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധാര്‍ഥിന്‍റെ പ്രതികരണം.

സിനിമയുടെ മുഴുവന്‍ ഘട്ടങ്ങളിലും എയര്‍ ഫോഴ്സിന്‍റെ ഇടപെടല്‍ ഉണ്ടായിരുന്നു. പടത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിക്കും നൂറോളം എയര്‍ മാര്‍ഷലുകള്‍ക്കുമായി സിനിമ സ്ക്രീന്‍ ചെയ്തു. കയ്യടികളോടെയാണ് അവര്‍ സിനിമയെ സ്വീകരിച്ചതെന്നും സംവിധായകന്‍ സിദ്ധാര്‍ഥ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിനിമയ്ക്കെതിരെ വക്കീല്‍ നോട്ടീസ് ലഭിച്ചത്. വ്യോമസേന യൂണിഫോമില്‍ നായികയും നായകനും ചുംബിക്കുന്ന രംഗമാണ് വിവാദമായത്. സൈനിക യൂണിഫോമിന്റെ ധീരതയെയും പവിത്രതയെയും അവഹേളിക്കുന്നതാണ് ഈ രംഗമെന്നാണ് പരാതി. വ്യോമസേനയെ അപമാനിച്ചുവെന്നാരോപിച്ച് അസമിലെ വ്യോമസേന ഓഫീസറായ സൗമ്യ ദീപ് ദാസ് ആണ് പരാതി നല്‍കിയത്.

More Stories from this section

family-dental
witywide