അങ്കമാലിയിലെ ആശുപത്രിയിൽ ഫഹദിന്റെ ‘പൈങ്കിളി’ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊച്ചി: ആശുപത്രിയില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയതിനെതിരെ കേരള മനുഷ്യാവകാശ കമ്മിഷന്‍. ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന പൈങ്കിളി എന്ന സിനിമയ്‌ക്കെതിരെയാണ് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരിക്കുന്നത്. അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.

സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിങ്ങിന് അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണു നിർദേശം നൽകിയത്.

അത്യാഹിത വിഭാഗത്തില്‍ ഇന്നലെ രാത്രിയാണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. രോഗികളെ ബുദ്ധിമുട്ടിലാക്കി പുലര്‍ച്ചെ വരെ ചിത്രീകരണം നീണ്ടു. വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ വിഷയത്തില്‍ ഇടപെട്ടത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ ചിത്രീകരണ സമയത്തുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നതിന് ഇടയിലും ചിത്രീകരണം നടന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കമ്മിഷന്റെ നിലപാട്.

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി എത്തിയയാള്‍ക്ക് പോലും അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കണം എന്നതടക്കം അണിയറ പ്രവര്‍ത്തകര്‍ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കര്‍ശന നിർദേശങ്ങളാണ് നൽകിയത്. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സര്‍ക്കാര്‍ ആശുപത്രി സിനിമയില്‍ ചിത്രീകരിച്ചത്.

More Stories from this section

family-dental
witywide