തിരുവനന്തപുരം: വിദേശ സർവകലാശാല വിഷയത്തിൽ പ്രതികരണവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ വേണമെന്നും അതിനായി ചർച്ചകൾ ഉണ്ടാകണമെന്നും ചർച്ചകൾ പോലും പാടില്ലെന്നു പറയുന്നത് ശരിയല്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. നിയമസഭയിൽ വെച്ച് വിദേശ സർവകലാശാല വിഷയത്തിൽ പ്രതിപക്ഷ എംഎൽഎമാർ പുഷ്പനെ അറിയാമോ എന്ന് ചോദിച്ചതിന്, പുഷ്പനെ ഓർമ്മയുണ്ടെന്നും ആ സമരത്തിൽ സജീവമായി പങ്കെടുത്തവരാണ് തങ്ങളെല്ലാവരുമെന്നും കെ.എൻ ബാലഗോപാൽ മറുപടി പറഞ്ഞു.
കേരളത്തിലെ കുടുംബങ്ങളിൽനിന്ന് കുട്ടികൾ വിദേശത്തേക്ക് പോവുകയാണ്. ഒരു കുട്ടിക്ക് 30 ലക്ഷം മുതൽ മുകളിലേക്കാണ് ചെലവ്. നാട്ടിൽ ചെലവാകേണ്ട പണം ഇവിടെ വരണം. കുട്ടികൾ പലരും പോകുന്നത് കുടിയേറ്റത്തിനും ജോലിക്കും വേണ്ടിയാണ്. ഇതിനൊക്കെയുള്ള പരിഹാരമാണ് വിദേശ സർവകലാശാലകൾ വേണമെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘പുഷ്പനെ മറന്നോ എന്നാണ് ചോദിക്കുന്നത്. പുഷ്പനെ ഓർമയുണ്ടെന്ന് മാത്രമല്ല, ആ സമരത്തിനകത്തു സജീവമായി പങ്കെടുത്ത ആളുകളാണ് ഞങ്ങളെല്ലാവരും. 40 വർഷം മുൻപ് ട്രാക്ടറിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇന്ന് അതല്ല സ്ഥിതി. കർഷകതൊഴിലാളിക്ക് ജോലി കിട്ടാത്ത സാഹചര്യത്തിൽ അന്ന് സമരം ചെയ്തതു പോലെയാണോ ഇപ്പോൾ? കാലം മാറുമ്പോൾ അതു മനസ്സിലാക്കണം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടറൈസേഷൻ വന്നപ്പോൾ തൊഴിൽ നഷ്ടമാകുമെന്ന് പറഞ്ഞ് കോൺഗ്രസ് സംഘടനയുടെ സമരം ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്,’’ മന്ത്രി വിശദീകരിച്ചു.
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം ബജറ്റിലാണ് സ്വകാര്യ-വിദേശ സർവകലാശാലകൾ സംസ്ഥാനത്തു സ്ഥാപിക്കുമെന്നു ധനമന്ത്രി ബാലഗോപാൽ പ്രഖ്യാപിച്ചത്. വിദേശ സർവകലാശാലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിലവിൽ ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വിഷയത്തിൽ തുറന്ന ചർച്ചയാകാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. വിദേശ സർവകലാശാല വിഷയത്തിൽ സിപിഐ വിയോജിപ്പ് അറിയിച്ചു.