
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപാനിച്ചെന്നു ആരോപിച്ച് ആലുവക്കാരിയായ നടി നല്‍കിയ പരാതിയില്‍ നടിമാരായ സ്വാസിക, ബീനാ ആന്റണി, നടന്‍ മനോജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബീനാ ആന്റണിയാണ് ഒന്നാം പ്രതി. ഭര്‍ത്താവും നടനുമായ മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പ്രമുഖ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ , യൂട്യൂബ് ചാനലിലൂടെ ഇവര്‍ തന്നെ അപമാനിക്കുകയായിരുന്നുവെന്നാണ് നടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍, നടി ലെന എന്നിവര്‍ക്കെതിരേ ആരോപണം ഉന്നയിച്ച നടിയാണ് ഇവര്‍ക്കെതിരേയും പരാതി ഉന്നയിച്ചിരിക്കുന്നത്. താരങ്ങള്‍ക്കെതിരേ നടി നടത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഇവര്‍ക്കെതിരെ ബീനാ ആന്റണി, മനോജ്, സ്വാസിക എന്നിവര്‍ രംഗത്തെത്തിയത്.
FIR against Actors Beena Antony, Swasika, and Manoj