മലപ്പുറം: വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ ദേഷ്യത്തില്‍ വധുവിന്റെ വീടിനു നേരെ വെടിയുതിര്‍ത്ത് യുവാവ്. മലപ്പുറത്താണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ച് കോട്ടയ്ക്കല്‍ അരിച്ചോള്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വീടിന് നേരേയാണ് അരിച്ചോള്‍ നെടുങ്ങോട്ട് കുളമ്പ് സ്വദേശി അബുതാഹിര്‍(28) വെടിയുതിര്‍ത്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നുതവണ അബുതാഹിര്‍ വെടിവെച്ചെങ്കിലും
ആര്‍ക്കും പരിക്കില്ല. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള നിക്കാഹ് നേരത്തെ കഴിഞ്ഞെങ്കിലും ഒരു അപകടത്തിന് ശേഷം യുവാവിന്റെ സ്വഭാവത്തില്‍ വ്യത്യാസം വന്നെന്നും എല്ലാം സംശയത്തോടുകൂടിയാണ് കണ്ടിരുന്നതെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. മാത്രമല്ല, യുവാവ് ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന വിവരവും ലഭിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എയര്‍ ഗണ്ണുമായി എത്തിയ പ്രതി വെടി ഉതിര്‍ത്തത്. അബു താഹിറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഒരു മാസം മുമ്പാണ് പ്രതി എയര്‍ഗണ്‍ വാങ്ങിയതെന്നും പിന്നീട് വെടിവയ്ക്കാന്‍ പരിശീലിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.