
അജ്മീർ: രാജസ്ഥാനിൽ മോഷണസംഘത്തെ പിടികൂടാനെത്തിയ കേരള പൊലീസ് സംഘത്തിനു നേരെ വെടിവയ്പ്. കൊച്ചിയിൽനിന്ന് അജ്മീറിലെത്തിയ പൊലീസ് സംഘത്തെയാണ് അക്രമികൾ തോക്കുപയോഗിച്ചു അക്രമിച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണു വിവരം. സ്വർണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്മീറിലേക്കു പോയത്.
പ്രതികളായ ഉത്തരാഖണ്ഡ് സ്വദേശി ഷെഹ്സാദി, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. ഇവർ മുൻപും വിവിധ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ ആളുകളെ തിരഞ്ഞായിരുന്നു പൊലീസ് സംഘത്തിന്റെ അജ്മീർ യാത്ര. അജ്മീർ ദർഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് പൊലീസും മോഷണസംഘവും നേരെ ഏറ്റുമുട്ടിയത്. ഇതിനിടെ അക്രമികൾ പൊലീസ് സംഘത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ വെടിവച്ചതായാണ് അജ്മീർ പൊലീസ് പറയുന്നത്.