
ഇശ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ പാസഞ്ചര്‍ വാനുകള്‍ക്ക് നേരെ ആക്രമണം. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഗോത്രമേഖലയിലാണ് വാഹനങ്ങള്‍ക്കുനേരെ വെടിവെപ്പുണ്ടായത്. 38 പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഖൈബര്‍ പഖ്തൂണ്‍ഖ്വ ചീഫ് സെക്രട്ടറി നദീം അസ്ലം ചൗധരി ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. തോക്കുധാരികള്‍ കുറമിലെ പരചിനാറില്‍ നിന്ന് ഒരു വാഹനവ്യൂഹത്തില്‍ യാത്ര ചെയ്ത യാത്രക്കാരുടെ വാനുകളെയാണ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ മരിച്ചവരില്‍ ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നു, മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ചൗധരി പറഞ്ഞു.
രണ്ട് വാഹനങ്ങള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്നും, ഒന്ന് പെഷവാറില്‍ നിന്ന് പാരാച്ചിനാറിലേക്കും മറ്റൊന്ന് പറച്ചിനാറില്‍ നിന്ന് പെഷവാറിലേക്കും പോകുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.