ബെയ്ജിങ്: മാലിദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലിനെ ശക്തമായി എതിർക്കുന്നുവെന്നും ദ്വീപ് രാഷ്ട്രത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും ചൈന. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ സന്ദർശനത്തിനു പിന്നാലെയായിരുന്നു ചൈനയുടെ പ്രതികരണം.
“അവരുടെ പ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരസ്പരം ഉറച്ചുനിൽക്കുന്നത് തുടരാൻ ഇരുപക്ഷവും സമ്മതിക്കുന്നു,” ചൈനീസ് നേതാക്കളുമായി മുയിസു നടത്തിയ ചർച്ചയുടെ അവസാനം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
“മാലിദ്വീപിന്റെ ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, ദേശീയ അന്തസ്സ് എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ ചൈന ശക്തമായി പിന്തുണയ്ക്കുന്നു, മാലിദ്വീപിന്റെ ദേശീയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വികസന പാതയിലേക്കുള്ള യാത്രയെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു, മാലിദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകളെ ശക്തമായി എതിർക്കുന്നു.”
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൂന്ന് മാലിദ്വീപ് മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പ്രസ്താവനകളുടെ പേരിൽ ഇന്ത്യയുമായി ദ്വീപ് രഷ്ട്രം നയതന്ത്ര തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് പ്രസ്താവന വന്നത്. ചൈനീസ് ആഭിമുഖ്യം പുലർത്തുന്ന മുയിസു പ്രസിഡന്റായതിനു പിന്നാലെയാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായത്.