ക്ഷേമപെന്‍ഷന്‍ കയ്യിട്ടുവാരിയവര്‍ക്കെതിരെ ആദ്യ നടപടി ; 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ആദ്യ നടപടിയെടുത്തു. മണ്ണ് സംരക്ഷണ വകുപ്പിലെ ആറുജീവനക്കാരെ സസ്‌പെന്‍ഡു ചെയ്തു. നടപടി നേരിട്ടവരില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ ഉള്‍പ്പെടും.

പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫിസ് പാര്‍ട് ടൈം സ്വീപ്പര്‍ ജി.ഷീജാകുമാരി, കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസ് ഗ്രേഡ് -2 അറ്റന്‍ഡര്‍ കെ.എ.സാജിത, വടകര മണ്ണ് സംരക്ഷണ ഓഫിസ് വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫിസ് പാര്‍ട് ടൈം സ്വീപ്പര്‍ പി. ഭാര്‍ഗവി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്‍ഡ് ഡയറക്ടറുടെ കാര്യാലയത്തിലെ പാര്‍ട് ടൈം സ്വീപ്പര്‍ കെ.ലീല, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ജെ.രജനി എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്.

സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്ന ഗുരുതര തട്ടിപ്പ്, ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു.

More Stories from this section

family-dental
witywide