വയനാട്: ലോൺ ആപ്പിന്റെ തട്ടിപ്പിനിരയായി വയനാട്ടിൽ യുവാവ് ആത്മഹത്യചെയ്ത സംഭവത്തിനുപിന്നിൽ പ്രവർത്തിച്ച അന്തർസംസ്ഥാന സംഘത്തിലെ നാലുപേരെ മീനങ്ങാടി പോലീസ് ഗുജറാത്തിൽനിന്ന് പിടികൂടി. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു കേസിൽ പ്രതികൾ അറസ്റ്റിലാവുന്നത്.
ബാക്സറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ പിടിച്ചത്. ഗുജറാത്ത് സ്വദേശികളായ അലി, സമീർ, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. പ്രതികളിൽ നിന്ന് 4 മൊബൈൽ ഫോൺ, ഒരു ഇന്റർനെറ്റ് മോഡം എന്നിവ പിടിച്ചെടുത്തു.
ലോട്ടറി വില്‍പനക്കാരനായിരുന്ന അജയ് രാജിനെ സെപ്റ്റംബര്‍ 15 നാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെയാണ് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്. അജയ് ലോൺ ആപ്പിൽ നിന്ന് കടം എടുത്തിരുന്നുവെന്നും പണം തിരിച്ച് അടയ്ക്കാൻ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു.
ക്യാൻഡി ക്യാഷ് എന്ന ആപ്പ് വഴിയാണ് അജയ് രാജ് കടമെടുത്തത്. അജയ് രാജ് നാട്ടിലെ സുഹൃത്തുക്കളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടം വാങ്ങിയിരുന്നു. ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തതിനെ തുടര്‍ന്ന് കടമക്കുടിയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് വയനാട്ടില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവന്നത്.