തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകാനായുള്ള കേരളത്തിന്‍റെ കാത്തിരിപ്പ് തീരുന്നു. ആദ്യ മദർഷിപ്പ് അടുത്ത വെള്ളിയാഴ്ചയെത്തുമെന്ന് ഉറപ്പായി. വാണിജ്യാടിസ്ഥാനത്തിൽ വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമായെന്ന സന്ദേശമാകും ആഗോള തലത്തിൽ ഇതിലൂടെ സാധ്യമാകുക. ആദ്യ മദർഷിപ്പ് 12 -ാം തിയതി എത്തുമ്പോൾ ഉജ്ജ്വല സ്വീകരണമൊരുക്കാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയടക്കമുള്ളവർ സ്വീകരിക്കാൻ വിഴിഞ്ഞത്തെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
ഈ മാസം 12 ന് ആദ്യം എത്തുന്നത് കണ്ടെയിനർ മദർ ഷിപ്പാകും. പിന്നീട് കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്ത് എത്തുമെന്നാണ് പ്രതീക്ഷ. ഗേറ്റ് വേ കാർഗോ ആദ്യഘട്ടത്തിൽ ഇല്ല. 12 ന് വൈകീട്ട് മദഷിപ്പിന് വിപുലമായ സ്വകരണം ഒരുക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണത്തിലേക്ക് പതിനായിരത്തിലധികം പേർക്ക് ക്ഷണം നൽകുമെന്നാണ് വിവരം.