ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുത്ത ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷിയുടെ ആദ്യ പ്രതികരണം എത്തി. ‘അരവിന്ദ് കെജ്രിവാള്‍ എന്നെ വിശ്വസിച്ചു… ആം ആദ്മി പാര്‍ട്ടി എന്നെ വിശ്വസിച്ചു. അതുകൊണ്ടാണ് എനിക്ക് ഈ ഉത്തരവാദിത്തം നല്‍കിയിരിക്കുന്നത്. ഈ വിശ്വാസത്തില്‍ ഞാന്‍ സന്തുഷ്ടയാണെങ്കിലും, അരവിന്ദ് കെജ്രിവാളിന് രാജിവെക്കേണ്ടി വന്നതില്‍ എനിക്ക് സങ്കടമുണ്ട്, ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രിയേ ഉള്ളൂ… അത് കെജ്രിവാളാണ്’. – നിയുക്ത മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചതിങ്ങനെ.
ഡല്‍ഹിയിലെ എല്ലാ ജനങ്ങളോടും അരവിന്ദ് കെജ്രിവാളിനെ വീണ്ടും ദില്ലി മുഖ്യമന്ത്രിയാക്കാനുള്ള അഭ്യര്‍ത്ഥനയാണ് തനിക്കു നല്‍കാനുള്ളതെന്നും കെജ്രിവാളിനെ വീണ്ടും മുഖ്യമന്ത്രിയാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി മാത്രമേ ഞാന്‍ പ്രവര്‍ത്തിക്കൂ എന്നും അതിഷി വ്യക്തമാക്കി.
അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയുടെ ഗൂഢാലോചനകളെ എഎപി പ്രതിരോധിക്കുമെന്നും കെജ്രിവാളിന്റെ തിരിച്ചുവരവ് തങ്ങളുടെ സര്‍ക്കാരിന്റെയും എല്ലാ എഎപി എംപിമാരുടെയും ലക്ഷ്യമായിരിക്കുമെന്നും അതിഷി പറഞ്ഞു.