കുട്ടികൾക്ക് എതിരായ കുറ്റകൃത്യങ്ങൾ: 5 വൻ ടെക് കമ്പനികളെ നിർത്തിപ്പൊരിച്ച് യുഎസ് സെനറ്റ്, മാപ്പ് പറഞ്ഞ് സുക്കർബർഗ്

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് വൻകിട ടെക് കമ്പനികളെ നിർത്തിപ്പൊരിച്ച് യുഎസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി . ടിക്‌ടോക്ക്, എക്‌സ്, മെറ്റാ, സ്‌നാപ്പ്, ഡിസ്‌കോർഡ് എന്നീ കമ്പനികളുടെ സിഇഒമാരാണ് കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ഇവരുടെ പ്ലാറ്റ് ഫോ മുകളിൽ കുട്ടികൾക്ക് എതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ഒരു നടപടിയെടുക്കുന്നില്ല എന്നതാണ് ഇവർക്കെതിരെ ഉയർന്നു വന്ന കുറ്റം. ഓൺലൈൻ ലോകത്ത് നിന്ന് കുട്ടികളെ സംരക്ഷിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഒരുപോലെ ആവശ്യപ്പെട്ടു.

മെറ്റാ ബോസ് മാർക്ക് സുക്കർബർഗിനോട് “നിങ്ങൾ എന്താണ് വിചാരിച്ചിരിക്കുന്നത്?” എന്ന സെനറ്റർ റ്റെഡ് ക്രൂസിൻ്റെ കടുത്ത ചോദ്യത്തോടെയാണ് വിചാരണ ആരംഭിച്ചത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾക്ക് ഇൻസ്റ്റഗ്രാം അവസരമൊരുക്കുന്നു എന്ന വലിയ ആരോപണമാണ് സുക്കർബർഗ് നേരിട്ടത്. എക്സ് സിഇഒ ലിൻഡ യാക്കാരിനോ, സ്നാപ്പ് സിഇഒ ഇവാൻ സ്പീഗൽ, ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂ, ഡിസ്കോർഡ് സിഇഒ ജേസൺ സിട്രോൺ എന്നിവരും സെനറ്റിലെ രൂക്ഷമായ ചോദ്യങ്ങള്‍ക്ക് വിധേയമായിരുന്നു.

എട്ടാം തവണയാണ് മാർക്ക് സുക്കർബർഗ് ഇത്തരത്തിൽ വിചാരണ നേരിടുന്നത്. കുട്ടികളെ ഓൺലൈൻ കുറ്റകൃത്യങ്ങളുടെ ഇരകളാകാതെ സംരക്ഷിക്കാൻ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും എന്താണ് ചെയ്യുന്നത് എന്ന വെല്ലുവിളിക്ക് ഒടുവിൽ മാർക് സുക്കർബർഗ് ക്ഷമാപണം നടത്താൻ നിർബന്ധിതനായി. സോഷ്യൽ മീഡിയ ഉപയോഗത്തിൻ്റെയോ ഉള്ളടക്കത്തിൻ്റെയോ ഫലമായി ഉപദ്രവിക്കപ്പെട്ട കുട്ടികളുടെ കുടുംബങ്ങളോടാണ് അയാൾ ക്ഷമ ചോദിച്ചത്. തൻ്റെ പിന്നിൽ ഇരിക്കുന്ന കുടുംബങ്ങളോട് ക്ഷമ ചോദിക്കാൻ റിപ്പബ്ലിക്കൻ സെനറ്റർ ഹോഷ് ഹോലി സുക്കർബർഗിനെ ക്ഷണിക്കുകയായിരുന്നു.

“നിങ്ങൾ കടന്നു പോയ ദുഖകരമായ അവസ്ഥയിൽ ഞാൻ ഖേദിക്കുന്നു. നിങ്ങളുടെ അവസ്ഥ മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്.. നിങ്ങളുടെ കുടുംബത്തിന് അനുഭവിക്കേണ്ടി വന്ന മോശം അവസ്ഥയിലൂടെ ആരും കടന്നുപോകരുത് എന്ന് ഉറപ്പാക്കാനാണ് ഞങ്ങളെല്ലാവരും പരിശ്രമിക്കുന്നത്. “സുക്കർബർഗ് പറഞ്ഞു.

ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂവും കമ്പനിയുടെ ഡേറ്റാ പ്രാക്ടീസുകളിൽ വിമർശിക്കപ്പെട്ടു. തൻ്റെ മക്കൾ ടിക് ടോക്ക് ഉപയോഗിക്കുന്നില്ലെന്ന് ച്യൂ സമ്മതിച്ചു. കാരണം സിംഗപ്പൂരിൽ ഇത് കുട്ടികൾ ഉപയോഗിക്കുന്നത് നിയമം മൂലം തടഞ്ഞിട്ടുണ്ട്.

ചൈനീസ് സർക്കാരുമായുള്ള ടിക് ടോക് കമ്പനിയുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഷൗ സി ച്യൂ നൽകിയ ഉത്തരം ഇങ്ങനെയാണ്.- ” ചൈനീസ് സർക്കാർ ഞങ്ങളോട് ഒരു ഡേറ്റയും ആവശ്യപ്പെട്ടിട്ടില്ല, ഞങ്ങൾ ഒരു ഡേറ്റയും നൽകിയിട്ടുമില്ല. ”

“നിങ്ങളുടെ കൈകളിൽ രക്തമുണ്ട്. ആളുകളെ കൊല്ലുന്ന ഉൽപ്പന്നമാണ് നിങ്ങളുടെ പക്കലുള്ളത്’ സെനറ്റർ ലിൻസേയ് ഗ്രഹാം ആരോപിച്ചു.കുട്ടികൾ ഓൺലൈനിൽ നേരിടുന്ന അപകടങ്ങൾക്ക് നേരിട്ട് ടെക് കമ്പനികൾ ഉത്തരവാദികളാണെന്ന് ബുധനാഴ്ചത്തെ ഹിയറിംഗിനിടെ സെനറ്റർമാർ ആവർത്തിച്ചു പറഞ്ഞു. “നിങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ ഇൻ്റർനെറ്റ് അപകടകരമാണ്,” സെനറ്റർ. ജോൺ ഒസോഫ് പറഞ്ഞു

സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ ഓൺലൈനിൽ ഹാനികരമായ ഉള്ളടക്കങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും കുട്ടികളെ ഇതിൽ നിന്ന് സംരക്ഷിക്കാൻ ഫലപ്രദമായ മാർഗം എന്താണെന്നും നിയമനിർമ്മാതാക്കൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അവർ വ്യക്തമാക്കി .

Five CEOs from major tech companies have testified at a Senate hearing about child Abuse