ന്യൂഡല്‍ഹി: രാജസ്ഥാനിലെ ദൗസയില്‍ കുഴല്‍ക്കിണറില്‍ നിന്നും നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ച അഞ്ച് വയസുകാരന്‍ ആര്യന്‍ ഇനി നീറുന്ന ഓര്‍മ്മ. കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ചികിത്സയിലിരിക്കവെ മരണപ്പെടുകയായിരുന്നു. 57 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഇതോടെ വിഫലമായി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് കാളിഖാഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് ആര്യന്‍ വീണത്. ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ സമാന്തര തുരങ്കം കുഴിക്കാന്‍ ജെസിബികളും ഡ്രില്ലിംഗ് മെഷീനുകളും പൈലിംഗ് റിഗ്ഗും വിന്യസിച്ചു, അതേസമയം പൈപ്പ് വഴി ഓക്‌സിജന്‍ വിതരണം ചെയ്യുകയും സിസിടിവി ക്യാമറകളിലൂടെ കുട്ടിയുടെ അവസ്ഥ നിരീക്ഷിക്കുകയും ചെയ്തു. ഏകദേശം 160 അടിയോളം വരുന്ന ജലനിരപ്പും ഭൂഗര്‍ഭ നീരാവി കാരണം കുട്ടിയുടെ ചലനങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള ബുദ്ധിമുട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായിരുന്നു.
അബോധാവസ്ഥയില്‍ പുറത്തെടുത്ത ശേഷം, നൂതന ലൈഫ് സപ്പോര്‍ട്ട് സംവിധാനമുള്ള ആംബുലന്‍സില്‍ ആര്യനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഉറ്റവരെയും ഉടയവരെയും അഗാധ ദുഖത്തിലേക്ക് തള്ളിവിട്ട് അത്ഭുതങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ കുട്ടി മരണപ്പെടുകയായിരുന്നു.