നെതന്യാഹുവിന്റെ വസതിയ്ക്ക് സമീപം ഫ്‌ളാഷ് ബോംബ് ആക്രമണം, ശത്രുക്കള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേല്‍

ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഫ്‌ളാഷ് ബോംബ് ആക്രമണം. സിസറിയ പ്രദേശത്തെ സ്വകാര്യവസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണ സമയം നെതന്യാഹുവോ കുടുംബമോ വീട്ടില്‍ ഉണ്ടായിരുന്നില്ല. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ടു തവണയാണ് വീട് ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് എത്തിയിട്ടുണ്ട്. കടലില്‍ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നതെങ്കിലും കൂടുതല്‍ അന്വേഷണത്തിലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തോട് പ്രതികരിച്ച ഇസ്രയേല്‍ പ്രതിരോധ മന്ത്രി ശത്രുക്കള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് വ്യക്തമാക്കി. ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. ആക്രമണത്തെ അപലപിച്ച് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും എത്തി.

ഒക്ടോബറില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ സിസേറിയയിലെ വീടിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. അന്നും നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ലെബനന്‍ ഭീകര സംഘടനയായ ഹിസ്ബുള്ളയുമായി ഇസ്രായേല്‍ സൈന്യം യുദ്ധം ചെയ്യുകയാണ്.

More Stories from this section

family-dental
witywide