ന്യൂഡല്‍ഹി: മനുഷ്യ ജീവന് ഭീഷണിയാകുന്ന ‘മാംസം ഭക്ഷിക്കുന്ന’ അപൂര്‍വയിനം ബാക്ടീരിയ ജപ്പാനില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ബാക്ടീരിയ ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ ആളുകളെ കൊല്ലാന്‍ കഴിയുന്ന അപൂര്‍വയിനം ബാക്ടീരിയയാണിത്.
ഈ വര്‍ഷം ഇതുവരെ, സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം (എസ്ടിഎസ്എസ്) എന്ന ഈ ബാക്ടീരിയബാധ കേസുകള്‍ ആയിരത്തിനടുത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 941 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ 2 വരെയുള്ള കണക്കുകള്‍ പ്രകാരം 977 പേരാണ് എസ്ടിഎസ്എസിന് ഇരയായത്.
ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് (GAS) സാധാരണയായി കുട്ടികളില്‍ വീക്കത്തിനും തൊണ്ടവേദനയ്ക്കും കാരണമാകും. എന്നാല്‍ ബാക്ടീരിയയുടെ ചില വകഭേദം കൈകാലുകളിലെ വേദന, വീക്കം, പനി, കുറഞ്ഞ രക്തസമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണിക്കും. കൂടാതെ, ശ്വസനത്തെയും അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുകയും രോഗിയെ അതിവേഗം മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യും. 50 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.