കോഴിക്കോട്: ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുള്ള കമന്റ് ഫേസ്ബുക്കില്‍ ഇട്ട എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവനെതിരെ പ്രതിഷേധം കടുത്തു.
ഷൈജയുടെ ചാത്തമംഗലത്തെ വീടിനു മുമ്പിലെ മതിലില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.
‘ഇത് ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്സേയുടെതല്ല മാഡം’ എന്ന് ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയ ഫ്‌ലക്‌സ് ആണ് ഡി വൈ എഫ് ഐ ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചത്. ഇന്നലെ രാത്രിയോടെ ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിന് മുന്നിലെ മതിലിലാണ് വലിയ ഫ്‌ലക്‌സ് സ്ഥാപിച്ചത്.
ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍ ഐ ടിയില്‍ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
മാത്രമല്ല, വിവിധ യുവജന സംഘടനകള്‍ ഇന്ന് കോഴിക്കോട് എന്‍ഐടിയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടക്കുന്നുണ്ട്. 12 മണിയോടെ യൂത്ത് കോണ്‍ഗ്രസ് കുന്നമംഗലം നിയോജകമണ്ഡലം കമ്മറ്റി പ്രഖ്യാപിച്ച മാര്‍ച്ച് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് എംഎസ്എഫും എന്‍ഐടി ക്യാമ്പസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ഷൈജ ആണ്ടവനെ ക്യാമ്പസില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ എസ്എഫ്‌ഐയും എന്‍ഐടിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.