യുഎഇയിൽ കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായില്‍ നിന്നുള്ള വിമാന സര്‍വീസുകളും താളം തെറ്റിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ദുബായ് ടെര്‍മിനലിലുണ്ടായ തടസങ്ങളാണ് സര്‍വീസുകളെ ബാധിച്ചത്. ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, EK 533 വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്.

മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാർക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. കനത്ത മഴയിൽ ദുബായ് ടെർമിനലിലെ സാങ്കേതിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സർവീസുകൾ റദ്ദാക്കിയത്. മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

അതേസമയം, യുഎഇയിൽ മഴയുടെ ശക്തിയില്‍ നേരിയ കുറവുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ദുബായ് ഭരണാധികാരികൾ അഭ്യർഥിച്ചിരുന്നു. ദുബായിലും റാസൽഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്. തദ്ദേശവാസികൾ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ പറഞ്ഞു. ദുബായിൽ ബുധനാഴ്ചയും സ്കൂളുകളുടെ പ്രവർത്തനം ഓൺലൈനിലായിരിക്കും. മോശം കാലാവസ്ഥയെ തുടർന്ന് യുഎഇ പ്രൊ ലീ​​ഗ് ഫുട്ബോളിലെ മത്സരങ്ങൾ റദ്ദാക്കിയിരുന്നു.

More Stories from this section

family-dental
witywide