കനത്തമഴ, പ്രതികൂല കാലാവസ്ഥ, കരിപ്പൂരിൽ 3 വിമാനങ്ങൾ റദ്ദാക്കി; പലതും വൈകുന്നു

കോഴിക്കോട്: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം കരിപ്പൂരിൽ വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൂന്ന് വിമാനങ്ങളാണ് കരിപ്പൂരിൽ ഇതുവരെ റദ്ദാക്കിയത്. കോഴിക്കോട് – റിയാദ്, കോഴിക്കോട് – അബുദാബി, കോഴിക്കോട് – മസ്കറ്റ്, വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നത് കാരണം പല വിമാനങ്ങളും കരിപ്പൂരിൽ വൈകുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം കേരളത്തിൽ പല ജില്ലകളിലും പെരുമഴ തുടരുന്നു. ഇന്നലെ ശക്തമായ മഴ അനുഭവപ്പെട്ട മേഖലകളിൽ ഇന്നും കാര്യമായ തോതിൽ മഴ ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഒരു ജില്ലയിലും ഇല്ലെങ്കിലും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് 6 ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തന്നെ ചക്രവാതചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനത്താൽ അടുത്ത 5 ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Flights from Kozhikode airport delayed due to rain

More Stories from this section

family-dental
witywide