സാവോപോളോ: ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ ഒരാഴ്ചയിലേറെ നീണ്ട റെക്കോഡ് മഴയിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 100 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മാത്രമല്ല, ഒരു ലക്ഷത്തോളം വീടുകള്‍ക്ക് പൂര്‍ണമായോ ഭാഗീകമായോ കേടുപാടുകള്‍ സംഭവിച്ചതായും പ്രാദേശിക അധികാരികള്‍ അറിയിച്ചു.
അര്‍ജന്റീനയുടെയും ഉറുഗ്വേയുടെയും അതിര്‍ത്തിയിലുള്ള സംസ്ഥാനംകൂടിയായ റിയോ ഗ്രാന്‍ഡെ ഡോ സുളിലെ 497 പട്ടണങ്ങളില്‍ 414 എണ്ണവും ദുരിത ബാധിത പ്രദേശമായി മാറുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍, റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ പെയ്തത് അഞ്ച് മാസത്തെ മഴയാണ്. ഇത് കനത്ത വെള്ളപ്പൊക്കത്തിന് കാരണമായി.
കരകവിഞ്ഞൊഴുകുന്ന നദികളും വെള്ളപ്പൊക്കവും ഏകദേശം 1.45 ദശലക്ഷം ആളുകളെ ബാധിച്ചു. കൂടാതെ, ഏകദേശം 200,000 ആളുകള്‍ക്ക് എല്ലാം ഉപേക്ഷിച്ച് അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. ഏപ്രില്‍ 29 നാണ് തെക്കന്‍ ബ്രസീലില്‍ കാലാവസ്ഥ മോശമാകാന്‍ തുടങ്ങിയത്.
ഭവന, പൊതു അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി, കന്നുകാലി, വ്യവസായം, വാണിജ്യം, സേവനങ്ങള്‍ എന്നിവയ്ക്കുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് 4.6 ബില്യണ്‍ റിയാല്‍ (ഏകദേശം 904 ദശലക്ഷം ഡോളര്‍) സാമ്പത്തിക നഷ്ടം കോണ്‍ഫെഡറേഷന്‍ കണക്കാക്കുന്നു.