ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ബഗ്ലാന്‍, ബദഖ്ഷാന്‍ പ്രവിശ്യകളില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മാത്രമല്ല, ഈ പ്രവിശ്യകളില്‍ വെള്ളപ്പൊക്കത്തില്‍ 500 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. ദണ്ഡ്-ഇ-ഘോരി, ദോഷി, പുല്‍-ഇ-ഖുംരി നഗരം, മധ്യ ബദാക്ഷനിലെ മോര്‍ച്ചക് ഗ്രാമം, കൂടാതെ ഈ പ്രവിശ്യകളിലെ മറ്റ് പല ഭാഗങ്ങളിലും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ പത്ത് അംഗങ്ങള്‍ക്കും മറ്റൊരാള്‍ക്കും പരിക്കേറ്റതായി താലിബാന്‍ നിയുക്ത പ്രകൃതി ദുരന്ത നിവാരണ മേധാവി മുഹമ്മദ് കംഗര്‍ പറഞ്ഞു. അതിനിടെ, വെള്ളപ്പൊക്കത്തില്‍ സാധനങ്ങളെല്ലാം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് താലിബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്നും സഹായ ഏജന്‍സികളില്‍ നിന്നും അടിയന്തര സഹായം എത്താന്‍ വൈകിയതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാശം വിതച്ച വെള്ളപ്പൊക്കത്തില്‍ മുന്നൂറിലധികം പേര്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് വീടുകളും ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയും നശിച്ചു.