സൂര്യയുടെ മരണ കാരണം അരളിപ്പൂവെന്ന് സംശയം, സംശയമുന്നയിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ഹരിപ്പാട്: കൊച്ചി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് ചികിത്സയിലിരിക്കെ മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ മരണത്തിന്‍റെ കാരണം അരളിപ്പൂവ് ചവച്ചതെന്ന് സംശയമുന്നയിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് സൂര്യ കുഴഞ്ഞുവീണ് മരിച്ചത്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്. ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് അയല്‍വീട്ടിലേക്ക് യാത്ര പറയാന്‍ പോയിരുന്നു.

ഇതിനിടെ ഫോണില്‍ സംസാരിക്കുമ്പോള്‍ മുറ്റത്ത് വളര്‍ത്തുന്ന അരളിയുടെ ഇലയും പൂവും നുള്ളി വായിലിട്ട് ചവച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സൂര്യ വഴിനീളെ ഛര്‍ദ്ദിച്ചു. ഇമിഗ്രേഷന്‍ ചെക്കിംഗിനിടെ കുഴഞ്ഞുവീണ സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരളിയുടെ എല്ലാ ഭാഗങ്ങളും വിഷാംശം ഉള്ളതാണെന്നും ശരീരത്തിനുള്ളില്‍ കടന്നാല്‍ നേരിട്ട് ഹൃദയത്തെ ബാധിക്കുമെന്നും സൂര്യയുടെ പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വകുപ്പ് മേധാവി ഡോക്ടര്‍ ഷരീജ ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

More Stories from this section

family-dental
witywide