വാഷിങ്ടൺ: അമേരിക്കയിലുള്ള ഇന്ത്യൻ പ്രവാസികളുടെ ജീവിതം വിജയകരവും ശക്തവുമാകണമെങ്കിൽ അമേരിക്കൻ രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി ഇന്ത്യൻ സമൂഹം മാറണം. അതിനു വേണ്ടി എല്ലാ ഇന്ത്യൻ സംഘടനകളും പരിശ്രമിക്കണം എന്ന് ആഹ്വാനം ചെയ്ത് ഫൊക്കാന സമ്മേളനം. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക) ഇരുപത്തിയൊന്നാമത് ദേശീയ കണ്‍വെന്‍ഷൻ ഉദ്ഘാടന വേദിയിലാണ് ഈ ആഹ്വാനമുണ്ടായത്. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ച എല്ലാവരും ഈ ആവശ്യമാണ് പ്രധാനമായും മുന്നോട്ടു വച്ചത്. കൺവെൻഷൻ 3 ദിവസം നീണ്ടുനിൽക്കും.
അമേരിക്കൻ ജന പ്രതിനിധി സഭകളിൽ ഇന്ത്യൻ വംശജരുടെ പ്രാതിനിധ്യം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനു വേണ്ടി ഫൊക്കാന പോലുള്ള സംഘടനകൾ പ്രവർത്തിക്കണമെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കോൺഗ്രസ്മൻ രാജാ കൃഷ്ണ മൂർത്തി പറഞ്ഞു.
താനുൾപ്പെടെയുള്ള ഇന്ത്യൻ – അമേരിക്കക്കാരായ 5 കോൺഗ്രസ് പ്രതിനിധികളെ സമോസ കോക്കസ് എന്നാണ് വിളിക്കാറ്. സമോസ കോക്കസ് മാത്രം പോര…വട, ഇഡലി, പക്കോട കോക്കസുകളും വരണം അദ്ദേഹം തമാശ രൂപേണ പറഞ്ഞു. ഏറ്റവും പുതിയ സെൻസസ് പ്രകാരം ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം എന്നത്തേക്കാളും വർധിച്ചിട്ടുണ്ട്. യുഎസിലെ 10 ശതമാനം ഡോക്ടർമാരും ഇന്ത്യക്കാരാണ്. പ്രമുഖ കമ്പനികളുടെ സിഇഒമാരെല്ലാം ഇന്ത്യക്കാരാണ്. ഇവിടുത്തെ ഹോട്ടൽ വ്യവസായത്തിൻ്റെ പകുതിയിലേറെ ഇന്ത്യൻ വ്യവസായികളുടെ കൈകളിലാണ്. സ്പെൽ ബി മൽസരത്തിൽ സമ്മാനം നേടുന്നവർ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. എന്നിട്ടും അതിന് ആനുപാതികമായ രാഷ്ട്രീയ പ്രാതിനിധ്യം അമേരിക്കയുടെ ജനപ്രതിനിധി സഭകളിൽ കാണാനില്ല. ആ അവസ്ഥയ്ക്ക് മാറ്റം വേണം – അദ്ദേഹം ആവശ്യപ്പെട്ടു.
ഫൊക്കാന പ്രസിഡൻ്റ് ബാബു സ്റ്റീഫൻ
അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും അതിൽ സ്വാധീന ശക്തിയാവുകയും ചെയ്തിട്ടില്ല എങ്കിൽ അമേരിക്കയിലുള്ള ഇന്ത്യക്കാരുടേയും കേരളീയരുടേയും ജീവിതത്തിന് പുരോഗതി ഉണ്ടാവില്ല എന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ. ഫൊക്കാന കൺവെൻഷനിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രാതിനിധ്യം ലഭിച്ചില്ല എങ്കിൽ വെറും മൂന്നാം കിട പൌരന്മാരായി തുടരേണ്ടി വരും . നല്ല ജോലിയുണ്ട് , പണം ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അമേരിക്കയിൽ വിവിധ കമ്പനികളിലായി 500 സിഇഒമാർ ഇന്ത്യക്കാരാണ്. ധാരാളം ഇന്ത്യൻ കോടീശ്വരന്മാർ ഉണ്ട്. പക്ഷേ അതിന് അനുസരിച്ചുള്ള ഒരു രാഷ്ട്രീയ പ്രാതിനിധ്യം അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇല്ല . അതാണ് മാറേണ്ടത് – ഇല്ലെങ്കിൽ നമ്മൾ ഇന്ത്യക്കാർ വിജയിക്കാൻ പോകുന്നില്ല. നമ്മൾ ഇന്ത്യക്കാർ ഒരാവശ്യത്തിനായി ഒരു ഫോൺ ചെയ്താൻ മേയറോ ഗവർണറോ അത് എടുക്കുന്ന അവസ്ഥ വരണം. അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസ് ജോർജ് എംപി
ഇന്ത്യക്കാർ അമേരിക്കയിലെ രാഷ്ട്രീയ – സാമൂഹിക രംഗത്ത് സ്വാധീനം ചെലുത്താൻ കഴിയുന്ന ശക്തിയായെങ്കിൽ മാത്രമേ ഇവിടെയും ഇന്ത്യയിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ എന്ന് ഫ്രാൻസിസ് ജോർജ് എംപി. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയും തമ്മിൽ നല്ല ബന്ധം നിലനിൽക്കുകയാണെങ്കിൽ ലോകത്തു തന്നെ വലിയ മാറ്റങ്ങൾ അതു കൊണ്ടുവരും. അമേരിക്കയുടെ നയരൂപീകരണ രംഗത്ത് ഇന്ത്യക്കാർ സ്വാധീന ശക്തിയായി മാറണം. നമ്മുടെ രാജ്യത്തെ കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തെ പ്രതുകൂലമായി ബാധിക്കുന്ന പല കരാറുകളിലും മാറ്റം വരുത്താൻ അമേരിക്ക പോലുള്ള രാജ്യങ്ങളുമായി സഹകരിക്കേണ്ടതുണ്ട്. ലോക വ്യാപാര സംഘടനയുമായും മറ്റും ഉണ്ടാക്കിയ ചില കരാറുകൾ മൂലം ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങൾ എടുക്കുന്ന ചില നിലപാടുകൾ ഇന്ത്യയെ പോലുള്ള വികസര രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാൽ ഇത്തരം നയ രൂപീകരണങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവരായി ഇന്ത്യക്കാർ മാറണം. അദ്ദേഹം പറഞ്ഞു. നാടുവിട്ട് ഇവിടെ എത്തി ഇവിടുത്തുകാരായി മാറി നല്ല രീതിയിൽ ഉയർന്നുവന്ന് കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനകരമായ പ്രവർത്തനം നടത്തുന്ന എല്ലാവരേയും അനുമോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൺവൻഷനിൽ മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. മലയാള സിനിമാ താരവും കൊല്ലം എംഎൽഎയുമായ മുകേഷ്, ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷഹി, നീന ഈപ്പൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിൽ ഫൊക്കാന സ്മരണിക പ്രകാശനം ചെയ്തു.
FOKANA Convention called for strengthening Indian representation in American politics