ന്യൂ യോര്‍ക്ക്: ആരവങ്ങളും ആര്‍പ്പുവിളികളും ഉയര്‍ന്നപ്പോള്‍ പലരും സംശയിച്ചു, തെരെഞ്ഞെടുപ്പ് ഫലം വന്നോ? അതിനു വെള്ളിയാഴ്ച വരെ കാത്തിരിക്കണമെങ്കിലും വിജയം സുനിശ്ചിതമെന്ന പ്രതീതിയാണ് കേരള സെന്റ്റര്‍ നിറഞ്ഞു കവിഞ്ഞ ഡ്രീം ടീം പ്രതിനിധികള്‍ നല്‍കിയത്. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടായി സജിമോന്‍ ആന്റണി നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഒത്തുകൂടല്‍ പങ്കാളിത്തം കൊണ്ടും ആവേശ പ്രകടനം കൊണ്ടും അഭൂതപൂര്‍വമായി. മറ്റെങ്ങും ഇത്തരമൊരു ആവേശം കണ്ടിട്ടില്ല.
ഇത് ഒരു ചൂണ്ടുപലക ആണന്ന് പ്രാസംഗികരും ചൂണ്ടിക്കാട്ടി. പങ്കെടുത്ത 200 ല്‍ പരം പേരില്‍ മിക്കവാറും വോട്ടുള്ള ഡെലിഗേറ്റുകളായിരുന്നു. കാനഡ മുതല്‍ വാഷിംഗ്ടണ്‍ ഡി.സി വരെയുള്ള ഡെലിഗേറ്റുകള്‍ കലാശക്കൊട്ടിനായി ഒത്തുകൂടുകയും എന്തുകൊണ്ട് തങ്ങള്‍ മത്സരിക്കുന്നു എന്നും എന്തുകൊണ്ട് ഈ ടീമില്‍ നില്‍ക്കുന്നു എന്നും വിശദീകരിക്കുകയും ചെയ്തു.
മേരി ഫിലിപ്പിന്റെ ആമുഖവും മേരിക്കുട്ടി മൈക്കിളിന്റെ പ്രാര്‍ത്ഥനാഗാനവും കഴിഞ്ഞതോടെ സെക്രട്ടറി സ്ഥാനാര്‍ഥി ശ്രീകുമാര്‍ ഉണ്ണിത്താന്‍ സ്വതവേയുള്ള സൗമ്യമായ സ്വരത്തില്‍ ടീമിനെപ്പറ്റി വിവരിച്ചു. വ്യത്യസ്ത മേഖലകളില്‍ വിജയം നേടിയവര്‍ ആണ് ടീമില്‍. ഡോക്ടര്‍മാര്‍ മുതല്‍ വിവിധ മേഖലകളിലുള്ളവര്‍. മികച്ച പ്രാസംഗികരും എഴുത്തുകാരും അടങ്ങിയ ടീം.
തങ്ങള്‍ മുന്നോട്ടു വച്ച പരിപാടികള്‍ എല്ലാം നടപ്പിലാക്കും. ഫൊക്കാനയില്‍ പല തലത്തില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വെസ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. പത്തു വര്‍ഷം ഫൊക്കാനയുടെ പി.ആര്‍.ഓ. ആയി അഞ്ചു പ്രസിഡന്റുമാരുടെ കൂടെ സേവനമനുഷ്ടിച്ചു. ഒരു പ്രതിഫലത്തിനു വേണ്ടിയല്ല അത്. പിന്നീട് നാഷണല്‍ കമ്മിറ്റി അംഗവും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായി. കഴിഞ്ഞ തവണ സെക്രട്ടറിയായി മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ കല ഷാഹി വന്നു. അതിനാല്‍ മാറിക്കൊടുത്തു. ഇത്തവണ ആരെങ്കിലും വരും മുന്‍പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. പക്ഷെ ഇപ്പോള്‍ മത്സരമുണ്ട്. സംഘടനയാവുമ്പോള്‍ അതില്‍ തെറ്റൊന്നുമില്ല. ആരെങ്കിലും ഒരാള്‍ ജയിക്കും.
തന്റെ പ്രവര്‍ത്തന പരിചയം ഉപയോഗിച്ച് പുതിയ ആശയങ്ങള്‍ നടപ്പിലാക്കാമെന്നോര്‍ത്താണ് ഇലക്ഷന് നിന്നത്. ഇത്ര വലിയ മത്സരമെന്നറിഞ്ഞെങ്കില്‍ രംഗത്തു വരില്ലായിരുന്നു. ഇതൊരു സൗഹൃദ സംഘടനയാണ്. അത് നാം മറക്കാന്‍ പാടില്ല.
ഡോ. ബാബു സ്റ്റീഫന്‍ പ്രസിഡന്റായപ്പോള്‍ ഫൊക്കാനയുടെ പേരും പെരുമയും കൂടി. അതുപോലെ ഫൊക്കാനയുടെ പ്രവര്‍ത്തനം ഇനിയും കൂടുതല്‍ ജനങ്ങളിലേക്കെത്തണം. ബാബ സ്റ്റീഫനെപ്പോലെ പണക്കാരല്ല ഞങ്ങള്‍. പക്ഷെ പണം സമാഹരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഞങ്ങള്‍ക്കാകും.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സജിമോന്‍ ആന്റണി നല്ലൊരു പ്രസന്ററാണ്, പ്രാസംഗികനാണ്. ഞാനും മില്ലി ഫിലിപ്പുമൊക്കെ അത്യാവശ്യം എഴുതും. വ്യത്യസ്തമായ കഴിവുകളുള്ളവരാണ് ടീമില്‍.
എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് സജിമോന്‍. ടീമിലുള്ളവര്‍ സംഘടനയ്ക്ക് ഓരോ ഘട്ടത്തിലും ചെയ്തിട്ടുള്ള സേവനങ്ങള്‍ വിസ്മരിക്കാനാവില്ല. 45 അസോസിയേഷന്റെ അംഗങ്ങള്‍ ടീമിലുണ്ട്.
ആവേശമുണര്‍ത്തുന്നതായിരുന്നു സജിമോന്‍ ആന്റണിയുടെ പ്രസംഗം. ‘when they go low, we go high, എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം സദസ് ഏറ്റെടുത്തു. തരംതാണ പ്രാചാരങ്ങള്‍ക്ക് തങ്ങള്‍ ചെവികൊടുക്കില്ല, ആ രീതിയില്‍ പെരുമാറുകയുമില്ല. fokana is too great for small things -ചെറിയ കാര്യങ്ങള്‍ക്കല്ല മറിച്ച് വലിയ കാര്യങ്ങള്‍ക്കുള്ള സംഘടനയാണ് ഫൊക്കാന എന്നതും സദസ് ആവേശപൂര്‍വം ഏറ്റെടുത്തു. ഇത് പറഞ്ഞാണ് താന്‍ പ്രചാരണം തുടങ്ങിയത്.
ഞങ്ങളുടെ സ്‌ളേറ്റ് ക്‌ളീന്‍ ആണ്. അത് പോലെ ഫൊക്കാനയുടെ ഭവനം പദ്ധതി മുതല്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ സജിമോന്‍ എടുത്തുകാട്ടി. മാധവന്‍ നായര്‍ പ്രസിഡന്റും താന്‍ ട്രഷററുമായിരിക്കെ 25 വീട് നല്‍കി. ജോര്‍ജി വര്‍ഗീസ് പ്രസിഡന്റും താന്‍ സെക്രട്ടറിയുമായിരുന്നപ്പോഴും 25 വീട് നല്‍കാനായി. ഇപ്പോള്‍ വീടുകള്‍ വയ്ക്കാനായി സെക്രട്ടറി സ്ഥാനാര്‍ത്ഥി ശ്രീകുമാര്‍ ഉണ്ണിത്താന്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ സ്മരണക്കായി അദ്ദേഹത്തിന്റെ സ്ഥലം വിട്ടു നല്‍കിയിട്ടുണ്ട്.
മറ്റൊരു പ്രോജക്ടായ ഫൊക്കാന മെഡിക്കല്‍ കാര്‍ഡ് രാജഗിരി ഹോസ്പിറ്റലില്‍ മാത്രമല്ല വേണ്ടത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിവിധ ആശുപത്രികളില്‍ അത് ലഭ്യമാക്കണം.
കമ്യൂണിക്കേഷന്‍ ആണ് നമ്മില്‍ പലരുടെയും ഒരു പ്രശ്‌നം. സംസാരിക്കാന്‍ പേടി. അത് മാറ്റിയെ തീരു. സംസാരിക്കാന്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് നല്‍കിയ പരിശീലനത്തില്‍ തനിക്കു നന്ദിയുണ്ട്. ടോസ്റ്റ് മാസ്റ്റേഴ്‌സ് കേന്ദ്രം ആയി ഫൊക്കാന സ്പീച്ച് ക്ലബിന് രൂപം കൊടുക്കും.
രണ്ടു സമര്‍ത്ഥരായ യുവപ്രാതിനിധികള്‍ ഇവിടെയുണ്ട്- അലന്‍ കൊച്ചൂസ്, കെവിന്‍ തോമസ്. അച്ചായന്മാരുടെ സംഘടനയാണ് ഇതെന്ന് ചിന്താഗതി മാറ്റുന്നതാണ് ഈ യോഗം. ഇവിടെ യുവാക്കളും വനിതകളും നിറഞ്ഞിരിക്കുന്നു. മറ്റൊരിക്കലും ഇത്തരം പ്രാതിനിധ്യം കണ്ടിട്ടില്ല.
വിമന്‍സ് ക്ലബ് മാത്രമല്ല മെന്‍സ് ക്ലബും നാം രൂപം കൊടുക്കും. ഫൊക്കാനക്കായി ഒരു സ്പോര്‍ട് അക്കാദമിയാണ് മറ്റൊന്ന്. ഫ്‌ളോറിഡായിലും മറ്റും ഭക്ഷ്യവസ്തുക്കള്‍ നഷ്ടപ്പെട്ടു പോകുന്നുണ്ട്. അത് ഉപയോഗപ്രദമാക്കാന്‍ കൃഷിയില്‍ നിന്ന് ചാരിറ്റിയിലേക്ക് എന്ന പദ്ധതി തുടങ്ങും-സജിമോന്‍ പറഞ്ഞു.
ട്രഷറര്‍ സ്ഥാനാര്‍ഥി ജോയി ചാക്കപ്പന്റെ പ്രസംഗത്തില്‍ ബാബു സ്റ്റീഫന്റെ നേതൃത്വം ഉണ്ടാക്കിയ നേട്ടങ്ങള്‍ അനുസ്മരിച്ചു. എന്നാല്‍ 2022 -24 കാലത്തെ ഭരണസമിതി, അവരുടെ മാനിഫെസ്റ്റോയില്‍ പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കിയില്ല. ബാബു സ്റ്റീഫനെപ്പോലെ കര്‍മ്മശേഷിയുള്ള പ്രസിഡന്റിനൊപ്പം പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാനാവാത്തവര്‍ അടുത്ത രണ്ട് വര്‍ഷം കൂടി വേണമെന്ന് പറയുന്നതില്‍ യുക്തിയില്ല.
നാഷണല്‍ കമ്മിറ്റിയോ എക്‌സിക്യൂട്ടിവ് കമ്മിറ്റിയോ കൂടാതെ ഒരു കണ്‍വന്‍ഷന്‍ ഇതാദ്യമാണ്. ഡിസംബര്‍ 31 -നു മുന്‍പ് മുപ്പതോളം സംഘടനകള്‍ അംഗത്വത്തിനുള്ള രേഖകള്‍ നല്‍കി. പക്ഷെ ഇത് ട്രസ്റ്റി ബോര്‍ഡിന് കിട്ടിയത് അവര്‍ നിര്‍ബന്ധമായി ആവശ്യപ്പെട്ട ശേഷമാണ്. എന്തുകൊണ്ടാണത്? അതുപോലെ എല്ലാ രേഖകളും പരിശോധിച്ച് ഐകകണ്‌ഠ്യേന ട്രസ്റ്റി ബോര്‍ഡ് അംഗത്വം നല്‍കാന്‍ എടുത്ത തീരുമാനത്തെ ചിലര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടാണ്? തോല്‍ക്കുമെന്നായപ്പോള്‍ കുട്ടികളെപ്പോലെ പെരുമാറുന്നു. കേസ് കൊടുക്കാം, സ്റ്റേ ഓര്‍ഡര്‍ കൊണ്ടുവരാം, ജനറല്‍ ബോഡില്‍ പ്രശ്‌നമുണ്ടാക്കി മാറ്റി വയ്പ്പിക്കാം. ഇതിനൊക്കെയുള്ള ശ്രമങ്ങളുണ്ട്. അത് മനസിലാക്കിയിരിക്കണം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അംഗത്വം കൊടുക്കുന്നതിനു പോലും തടസം നില്‍ക്കുന്നു. കുതന്ത്രങ്ങള്‍ പലതും നടക്കുന്നു എന്നത് സംബന്ധിച്ച മുന്നറിയിപ്പായാണ് ഇത് പറയുന്നത്- ജോയി ചാക്കപ്പന്‍ പറഞ്ഞു.
ഇപ്പോഴത്തെ സെക്രട്ടറിയും ട്രസ്റ്റി ബോര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ ബിജു കൊട്ടാരക്കര, ഈ പാനലില്‍ ചേര്‍ന്നത് എന്തുകൊണ്ട് എന്നുവിശദീകരിച്ചു. നിലവിലെ സെക്രട്ടറിയാണ് എതിര്‍ പാനലിനു നേതൃത്വം നല്കുന്നതെങ്കിലും താന്‍ അതില്‍ ചേര്‍ന്നില്ല. പ്രധാനകാരണം സജിമോനൊപ്പം നേരത്തെ പ്രവര്‍ത്തിച്ചപ്പോഴത്തെ അനുഭവവും ഡ്രീം ടീമിന്റെ കര്‍മ്മപരിപാടിയുമാണ് തന്നെ ആകര്‍ഷിച്ചത്.
എക്‌സി . പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജ് , ജോ. സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ സ്ഥാനാര്‍ഥി മില്ലി ഫിലിപ്പ് , വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിക്കുന്ന ബിജു ജോണ്‍, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ സോണി അമ്പൂക്കന്‍, അഡ്വ. ലതാ മേനോന്‍, ഷിബു എബ്രഹാം സാമുവേല്‍, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍ , മനോജ് മാത്യു, ഡോ. ഷൈനി രാജു, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യന്‍ , സുദീപ് നായര്‍ , സോമന്‍ സക്കറിയ , ജീമോന്‍ വര്‍ഗീസ്, ടോജോ ജോസ്, അജിത് ചാണ്ടി , അജിത് കൊച്ചൂസ്, കെവിന്‍ ജോസഫ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ബെന്‍ പോള്‍, കോശി കുരുവിള, ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വര്‍ക്കി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫൊക്കാനയുടെ ആദ്യ ട്രഷറര്‍ തോമസ് തോമസ് സ്ഥാനാര്‍ത്ഥികളെ പൊന്നാടയണയിച്ചു.