ഫൊക്കാന തിരഞ്ഞെടുപ്പ് തുടങ്ങി, ഫലം ഇന്നു തന്നെ: 81 പേർ മാറ്റുരയ്ക്കുന്നു

വാഷിംഗ്ടണ്‍: ഫൊക്കാന കണ്‍വെന്‍ഷൻ്റെ രണ്ടാം ദിനമായ ഇന്ന് പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്നു രാവിലെ 10 മണി മുതല്‍ വൈകീട്ട് 3 മണിവരെയാണ് വോട്ടെടുപ്പ്. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടം തന്നെയാണ് ഇത്തവണ നടക്കുന്നത്. ഇത്രയും അധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന, പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നുപേര്‍ പത്രിക നല്‍കിയ തെരഞ്ഞെടുപ്പ് ഇതുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഇത്തവണ ഫൊക്കാന കണ്‍വെന്‍ഷന്‍ തെരഞ്ഞെടുപ്പ് അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല, ലോകത്താകെയുള്ള മലയാളികള്‍ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ്. 

പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലമരേട്ട്, സജിമോന്‍ ആന്റണി, നിലവിലെ സെക്രട്ടറി കലാ ഷഹി എന്നിവരാണ് മത്സരിക്കുന്നത്. ഇതില്‍ സജിമോന്‍ ആന്റണിയും കലാഷഹിയുമാണ് പാനലുകളെ മുന്നോട്ടുവെച്ച് മത്സരിക്കുന്നത്. 

വോട്ടെടുപ്പിനായി പ്രത്യേക സംവിധാനം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസിദ്ധ കമ്പനിക്കാണ് ചുമതല. വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ ഒരു മണിക്കൂറിനകം തന്നെ ഇലക്ട്രോണിക് സംവിധാനം വഴി ഫലം പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു. എഴുനൂറോളം പേരാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്.

മത്സരാര്‍ത്ഥികളുടെ പേരുവിവരം താഴെ കൊടുക്കുന്നു 

ജനറല്‍ സെക്രട്ടറി- ജോര്‍ജ് പണിക്കര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍

ട്രഷറര്‍-ജോയി ചാക്കപ്പന്‍, രാജന്‍ സാമുവല്‍

എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്- പ്രവീണ്‍ തോമസ്, ഷാജു സാം

വൈസ് പ്രസിഡന്റ്- റോയ് ജോര്‍ജ്, വിപിന്‍ രാജ്

അസോ. സെക്രട്ടറി- ബിജു തോമസ്, മനോജ് ഇടമന

അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി – അജു ഉമ്മന്‍, അപ്പുക്കുട്ടന്‍ പിള്ള,

അസോസിയേറ്റ് ട്രഷറര്‍ – ജോണ്‍ കല്ലോലിക്കല്‍, സന്തോഷ് ഐപ്പ്

വിമണ്‍സ് ഫോറം ചെയര്‍ – നിഷ എറിക്, രേവതി പിള്ള

ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് – അലക്സ് എബ്രഹാം, ബിജു ജോണ്‍, ജേക്കബ് ഈപ്പന്‍, സതീശന്‍ നായര്‍

26 സ്ഥാനാര്‍ത്ഥികള്‍ നാഷണല്‍ കമ്മിറ്റിയിലെ 15 സ്ഥാനങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്നു. നാഷണല്‍ കമ്മിറ്റി കാനഡയിലെ 2 സ്ഥാനങ്ങള്‍ക്കുവേണ്ടി 4 സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. യൂത്ത് മെമ്പര്‍ യു.എസ്.എയിലേക്ക് ആറ് സ്ഥാനാര്‍ത്ഥികളുണ്ട്. യൂത്ത് മെമ്പര്‍ കാനഡയിലേക്ക് 2 സ്ഥാനാര്‍ത്ഥികള്‍, ഇതുകൂടാതെ റീജിയണ‍ല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നാല് റീജിയണുകളില്‍ രണ്ടു വീതം സ്ഥാനാര്‍ത്ഥികളും എട്ട് റീജിയണുകളില്‍ ഓരോ സ്ഥാനാര്‍ത്ഥികളുമേ ഉള്ളു. ഓഡിറ്റര്‍ സ്ഥാനത്തേക്ക് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 81 സ്ഥാനാര്‍ത്ഥികളാണ് ഫൊക്കാന തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്.