ഇനി ഫൊക്കാന ഇന്റര്‍നാഷണല്‍: സണ്ണി മറ്റമന പ്രസിഡന്റ്, കലാ ഷാഹി ഇന്റര്‍നാഷണല്‍ ചെയര്‍; പ്രവര്‍ത്തനോത്ഘാടനം നവംബര്‍ 9 ന് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ അവിഭാജ്യഘടകമായ ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) രൂപമാറ്റം വരുത്തി ഫൊക്കാന ഇന്റര്‍നാഷണല്‍ ആകുന്നു. നാല്‍പത്തിയൊന്ന് വര്‍ഷത്തെ പാരമ്പര്യവും പ്രൗഢിയും നിലനിര്‍ത്തിക്കൊണ്ട് ആനുകാലിക പ്രതിസന്ധികളില്‍ നിന്നും ഉള്‍ക്കൊണ്ട കരുത്തും കര്‍മശേഷിയും ഊര്‍ജമാക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒരുമിച്ചു കൂടാനുള്ള പൊതു വേദിയായി മാറുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഫൊക്കാനയെ വളര്‍ത്തി വലുതാക്കിയ തലതൊട്ടപ്പന്മാരുള്‍പ്പടെയുള്ള ഭാരവാഹികള്‍ 2024 നവംബര്‍ ഒന്‍പതാം തീയതി ന്യൂയോര്‍ക്കില്‍ സമ്മേളിക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നാല്പത്തിയൊന്നിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന ഫൊക്കാനയെ നയിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളാണ് മുന്നോട്ടുവന്നിരിക്കുന്നത്. സംഘടനക്ക് സാര്‍വദേശീയ മുഖം നല്‍കുക എന്ന കാഴ്ചപ്പാടിലായിരിക്കും പുതിയ ഭാരവാഹികള്‍ പ്രവര്‍ത്തിക്കുക.

ഇരുപത്തിരണ്ടു രാജ്യങ്ങളില്‍ നിന്നും ഇതിനകം തന്നെ അംഗസംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. യുവാക്കളും സ്ത്രീകളും സംരംഭകരും ഉള്‍പ്പടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കഴിവുതെളിയിച്ചവരെ ഉള്‍പ്പെടുത്തി ഫൊക്കാനയെ പ്രവാസികളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും പ്രഥമപരിഗണന. ദീര്‍ഘകാലം ഫൊക്കാനയില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച് പരിചയ സമ്പന്നരായ സണ്ണി മറ്റമന(പ്രസിഡണ്ട്), എബ്രഹാം ഈപ്പന്‍ (ജനറല്‍ സെക്രട്ടറി), സണ്ണി ജോസഫ് (ട്രെഷറര്‍) കലാ ഷാഹി (ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റിംഗ് ചെയര്‍ പേഴ്‌സണ്‍) റജി കുര്യന്‍ (ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ അറുപതംഗ എക്‌സിക്യൂട്ടീവ് കമ്മറ്റി ആയിരിക്കും 2024-26 വര്‍ഷത്തില്‍ ഫൊക്കാനയെ നയിക്കുക.

നവംബറില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന പത്രസമ്മേളനത്തില്‍ ഫൊക്കാനയുടെ നിലപാടുകള്‍ വ്യക്തമാക്കുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുന്‍ രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണന്‍ 1983 ല്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയിരിക്കവേ മുന്‍കൈയെടുത്തു സ്ഥാപിച്ച ‘സംഘടനകളുടെ സംഘടന’യായ ഫൊക്കാനക്ക് ഇന്ന് ലോക മലയാളി സംഘടനയില്‍ പ്രഥമ സ്ഥാനമാണുള്ളത്. സംഘടനയുടെ പ്രതിഛായയ്ക്കു ചില മങ്ങലേല്‍പ്പിച്ച കടലാസു സംഘടന (Fokana Inc) യഥാര്‍ഥ ഫൊക്കാനയുടെ ഫണ്ടുകള്‍ തട്ടിയെടുക്കാനുള്ള ഹീന ശ്രമങ്ങളെ മുന്‍ ഭാരവാഹികളും, അംഗസംഘടനകളും, മുന്‍ പ്രസിഡന്റുമാരും മറ്റു മുതിര്‍ന്ന ഭാരവാഹികളും എതിര്‍ത്തു. ഇവര്‍ ഒരുപോലെ ആവശ്യപ്പെട്ടതനുസരിച്ച് നിരവധി ചര്‍ച്ചകള്‍ക്കും അഭിപ്രായരൂപീകരണത്തിനും ശേഷമാണു യഥാര്‍ഥ ഫൊക്കാന നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി ലോകമലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കി മുന്നോട്ടുപോകാന്‍ തങ്ങള്‍ തീരുമാനിച്ചത് എന്നും ഭാരവാഹികള്‍ അറിയിച്ചു.

2008 ല്‍ മെരിലാന്‍ഡ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത, ഒറിജിനല്‍ ഫൊക്കാനയുടെ പേരിനോട് സാമ്യമുള്ള, സ്വന്തമായ നിയമാവലിയോ അംഗസംഘടനകളോ ഭാരവാഹികളോ ഇല്ലാത്ത ഒരു പേപ്പര്‍ സംഘടനയുടെ മറവില്‍ വിരലിലെണ്ണാവുന്ന ചില കുബുദ്ധികള്‍ മലയാളി സമൂഹത്തെയും, ഗവണ്‍ന്മെന്റ് ഏജന്‍സികളെയും ഗവണ്‍ന്മെന്റിനെ തന്നെയും കബളിപ്പിച്ചു നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളോട് ഫൊക്കാന നേതൃത്വത്തിന് താത്പര്യമില്ലെന്ന് മാത്രമല്ല, അതുമൂലം ഉണ്ടാകാവുന്ന നിയമ കുരുക്കുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ല എന്നും ഭാരവാഹികള്‍ അറിയിച്ചു.

നവംബര്‍ ഒന്‍പതാം തീയതി നടക്കുന്നത് ഫൊക്കാന ഇന്റര്‍നാഷന്‍ എക്‌സിക്യൂട്ടീവ് യോഗമാണെങ്കില്‍ കൂടി ഫൊക്കാനയെ സ്‌നേഹിക്കുന്ന എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു റോബര്‍ട്ട് അറീച്ചിറ (845)3096849, ഡോ. അജു ഉമ്മന്‍ (347)8697641 എന്നിവരെ ബന്ധപ്പെടുക.

(വാര്‍ത്ത: അനില്‍ ആറന്മുള)