അമേരിക്കന്‍ മലയാളികള്‍ ഇനി ഫൊക്കാന സമ്മേളനത്തിലേക്ക്; കേരളത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജും ജോണ്‍ ബ്രിട്ടാസും മുകേഷും നികേഷ് കുമാറും

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക) ഇരുപത്തിയൊന്നാമത് ദേശീയ കണ്‍വെന്‍ഷന് ഇനി ഒരാഴ്ച മാത്രം. ജൂലായ് 18 മുതല്‍ 20വരെ വാഷിംഗ്ടണ്‍ ഡി.സിയിലെ നോർത്ത് ബെഥെസ്ഡയിലുള്ള മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിലാണ് (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) മൂന്ന് ദിവസത്തെ ഫൊക്കാന കണ്‍വെന്‍ഷന്‍. കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫനും, നാഷണൽ എക്സിക്യൂട്ടീവും, സംഘാടക സമിതിയും അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷക്കാലമായി പ്രസിഡന്റ് ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളുടെ സുവർണ കാലഘട്ടത്തിന് കൂടി ഈ സമ്മേളനത്തോടെ തിരശീല വീഴുകയാണ്. ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോക മലയാളികൾക്ക് മുന്നിൽ ഫൊക്കാനയുടെ യശസ്സ് ഉയർത്തി. കുവൈറ്റ് തീപിടുത്തത്തില്‍ മരണമടഞ്ഞ 24 മലയാളികളുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം, ഫൊക്കാന സൗജന്യ ഭവന നിർമാണ പദ്ധതി എന്നിവ ഏറെ ശ്രദ്ധനേടി.

ജൂലൈ 18ന് വ്യാഴാഴ്ച വൈകീട്ടാണ് ഫൊക്കാന സമ്മേളനത്തിന്റെ ഉദ്ഘാടനം.
എംപിമാരായ ഫ്രാൻസിസ് ജോർജ്, ജോൺ ബ്രിട്ടാസ്, കോൺഗ്രസ്സ്മാൻ രാജാ കൃഷ്‍ണമൂർത്തി, മുകേഷ് എം.എൽ.എ, മുതിർന്ന മാധ്യമ പ്രവർത്തകൻ എം.വി നികേഷ് കുമാർ, പ്രശസ്ത കവിയും, മലയാളം മിഷൻ ഡയറക്റ്ററുമായ മുരുകൻ കാട്ടാക്കട എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകൻ വിവേകാനന്ദൻ, സിനിമ-സീരിയൽ താരം അനീഷ് രവി എന്നിവരുടെ സാന്നിധ്യവും സമ്മേളനത്തിലുണ്ടാകും.

കൺവെൻഷനോടനുബന്ധിച്ച് സാഹിത്യ സമ്മേളനം, മീഡിയ സെമിനാർ, ബിസിനസ് സെമിനാർ, മിസ് ഫൊക്കാന എന്നീ പരിപാടികളും നടക്കും. കൺവെൻഷൻ രണ്ടാം ദിനത്തിൽ ഫൊക്കാന ചരിത്രത്തിലെ ഏറ്റവും വാശിയേറിയ 2025-2026 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ഉണ്ടാകും. മൂന്ന് പ്രസിഡന്റ് സ്ഥാനാർഥികൾ ഉൾപ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് 81 സ്ഥാനാർഥികൾ രംഗത്തുണ്ട്. 70 അംഗ സംഘടനകളെ പ്രതിനിധീകരിക്കുന്ന 700 ഓളം ഡെലിഗേറ്റുമാരാണ് 2024-26 കാലഘട്ടത്തിലേക്കുള്ള ഫൊക്കാന ഭാരവാഹികളെ തെരഞ്ഞെടുക്കുക.

FOKANA National convention at Washing DC on 18th July 2024