ഫൊക്കാന ദേശീയ കൺവെൻഷൻ കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും

വാഷിങ്ടണ്‍: ലോക മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ 21-ാം ദേശീയ കണ്‍വെന്‍ഷൻ ഇന്ന് വൈകുന്നേരം യുഎസ് കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞവർഷം പ്രസിഡന്റ് ബാബു സ്റ്റീഫനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഫൊക്കാനയുടെ സമർപ്പിത പ്രയത്നങ്ങൾക്കും സമൂഹത്തിനായുള്ള സംഭാവനകൾക്കും അഭിനന്ദനം അറിയിക്കുന്നതായി രാജാ കൃഷ്ണമൂർത്തി അറിയിച്ചിരുന്നു. കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, മുകേഷ് എം.എൽ.എ, മുതിർന്ന മാധ്യമ പ്രവർത്തകൻ എം.വി നികേഷ് കുമാർ, പ്രശസ്ത കവിയും, മലയാളം മിഷൻ ഡയറക്റ്ററുമായ മുരുകൻ കാട്ടാക്കട എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകൻ വിവേകാനന്ദൻ, സിനിമ-സീരിയൽ താരം അനീഷ് രവി എന്നിവരുടെ സാന്നിധ്യവും സമ്മേളനത്തിലുണ്ടാകും.

ഇന്നു വൈകുന്നേരം ആരംഭിക്കുന്ന ഫൊക്കാന ദേശീയ കൺവെൻഷൻ ജൂലൈ 20വരെ വാഷിംഗ്ടണ്‍ ഡി.സിയിലെ നോർത്ത് ബെഥെസ്ഡയിലുള്ള മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിലാണ് (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടത്തപ്പെടുന്നത്.

അതേസമയം, ഇരുപത്തിയൊന്നാമത് ദേശീയ കണ്‍വെന്‍ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. മുന്‍ പ്രസിഡന്‌റുമാരായ ലീല മരേട്ട്, പോള്‍ കറുകപ്പള്ളി, ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി ഡോ. കലാ ഷാഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍ എന്നിവര്‍ രജിസ്ട്രേഷൻ കിക്ക് ഓഫിൽ പങ്കെടുത്തു. മുൻ ഇന്ത്യൻ അംബാസഡർ ടി.പി ശ്രീനിവാസന് ആദ്യ രജിസ്ട്രേഷൻ നൽകിക്കൊണ്ട് ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു. രജിസ്ട്രേഷൻ നടപടികളുടെ ഉദ്ഘാനട ചടങ്ങിൽ കോട്ടയം എംപി ഫ്രാൻസിസ് ജോർജും പങ്കെടുത്തു. ശങ്കർ ഗണേഷ്, ദിലീപ് ദാസ്, വരുൺ വാസുദേവ്, സൂരജ് എന്നിവരാണ് രജിസ്ട്രേഷനു നേതൃത്വം നൽകുന്നത്.