ഫോമാ 2026 കണ്‍വന്‍ഷന്‍ ജൂലൈ 30 മുതല്‍ ആഗസ്റ്റ് 2 വരെ ഹ്യൂസ്റ്റനില്‍

അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമയുടെ 2026ലെ ഫാമിലി കണ്‍വന്‍ഷന്‍ ജൂലൈ 30,31 ആഗസ്ത് 1 , 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍. ഹ്യൂസ്റ്റനിലെ ‘വിന്‍ഡം’ ഹോട്ടലില്‍ വെച്ച് അതിവിപുലമായ രീതിയില്‍ നടത്തുന്നമെന്നു ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

ഫോമയുടെ എണ്‍പതില്‍പ്പരം അംഗസംഘടനകളില്‍ നിന്നുമായി 2500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന വിപുലമായ കണ്‍വന്‍ഷനാണ് പ്രതീക്ഷിക്കുന്നത്. അതിനു അനുയോജ്യമായ ഹോട്ടലാണ് ‘വിന്‍ഡം’ എന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. കൂടാതെ, നാട്ടില്‍നിന്നും രാഷ്ട്രീയ -സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കും. വിപുലമായ കലാപരിപാടികള്‍ കണ്‍വന്‍ഷന്റെ സായാഹ്നങ്ങളെ ഹരം പിടിപ്പിക്കും. അതുപോലെ ഫോമയുടെ പന്ത്രണ്ട് റീജിയനുകളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാ മത്സരങ്ങളും ഉണ്ടാകും. ഫോമയുടെ എല്ലാ അംഗ സംഘടനകളുടേയും, അഭ്യുദയകാംക്ഷികളുടേയും സഹകരണം ഉണ്ടാകണമെന്നും ബേബി മണക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു.

ഫോമയുടെ ഒമ്പതാമത് ഇന്റര്‍നാഷണല്‍ കോണ്‍വെന്‍ഷനാണ് 2026 ല്‍ ഹ്യൂസ്റ്റനില്‍ വച്ച് നടക്കുന്നത്. ഫോമാ വിമന്‍സ് ഫോറം, യൂത്ത് വിങ് എന്നിവരുടെ സഹകരണത്തോടെ ഫാമിലിക്കും പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഹൃദ്യമാകുന്ന പല പരിപാടികളും പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് പറഞ്ഞു. 2024 വര്‍ഷത്തെ കണ്‍വെന്‍ഷനെക്കാള്‍ ചെലവ് പ്രതീക്ഷിക്കുന്നതായും അതിനനുസരിച്ചുള്ള ബജെറ്റ് ഉണ്ടാക്കുമെന്ന് ട്രഷറര്‍ സിജില്‍ പാലക്കലോടി അറിയിച്ചു. എല്ലാവരുടേയും സഹകരണത്തോടെ മികച്ച സ്‌പോണ്‍സേര്‍സിനെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫാമിലി കണ്‍വെന്‍ഷനാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. അതിനായി എല്ലവരുടേയും സഹകരണം ഉണ്ടാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത: ഷോളി കുമ്പിളുവേലി (ഫോമാ ന്യൂസ് ടീം)

More Stories from this section

family-dental
witywide