കൊച്ചി: പഫ്സ് കഴിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ബേക്കറി ഉടമയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം വിധിച്ച് കോടതി. ബേക്കറി ഉടമ 30 ദിവസത്തിനകം അരലക്ഷം രൂപ പരാതിക്കാര്‍ക്ക് നല്‍കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് ഉത്തരവ്.
മൂവാറ്റുപുഴയിലെ സുശീലാ ബേക്കറി ഉടമ കെ എന്‍ ഭാസ്‌കരനെതിരെ മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥന്‍, നിധി എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2019 ജനുവരി 26 നാണ് പരാതിക്കാര്‍ ബേക്കറിയില്‍ നിന്ന് പഫ്സ് വാങ്ങിക്കഴിച്ചത്. കഴിച്ചതിനു പിന്നാലെ എല്ലാവര്‍ക്കും വയറു വേദന, ചര്‍ദ്ദി എന്നിവ അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് കുടുംബം ഭക്ഷ്യ സുരക്ഷാ വകുപ്പിനും ആരോഗ്യ വകുപ്പിനും പരാതിയും നല്‍കി.
ഉദ്യോഗസ്ഥര്‍ ബേക്കറി പരിശോധിക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യ വസ്തുക്കള്‍ മാറാല കെട്ടിയ സ്ഥലത്താണ് സൂക്ഷിച്ചിരുന്നതെന്നാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കേടായ മറ്റ് ഭക്ഷ്യ വസ്തുക്കളും ബേക്കറിയില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് 3,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലും ബേക്കറിയുടെ ശുചിത്വത്തില്‍ അപാകത കണ്ടെത്തിയിരുന്നു.
വിവരാവകാശ നിയമം ഉള്‍പ്പെടെ ഉപയോഗിച്ച് നിയമ പോരാട്ടം നടത്തിയ കുടുംബത്തെ കോടതി അഭിനന്ദിച്ചു. ഭക്ഷ്യ യോഗ്യമല്ലാത്ത ബേക്കറി സാധനങ്ങള്‍ നല്‍കിയതിലൂടെ പരാതിക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും മന:ക്ലേശത്തിനും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന പരാതി പരിഗണിച്ച കോടതി ഒരു മാസത്തിനുള്ളില്‍ അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഡി ബി ബിനു അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.