വാഷിംഗ്ടണ്‍: ഹാംബര്‍ഗര്‍ ഫാസ്റ്റ്ഫുഡ് ഭക്ഷണ ശൃംഖലയായ മക്ഡൊണാള്‍ഡിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗര്‍ കഴിച്ചതോടെ യു.എസില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതായി റിപ്പോര്‍ട്ട്. ഇ.കോളി ബാക്ടീരിയ ബാധിച്ചാണ് നിരവധിപേര്‍ ചികിത്സ തേടിയത്. കൊളറാഡോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ചൊവ്വാഴ്ച അറിയിച്ചു.
സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിച്ച ആരോഗ്യ പ്രശ്‌നം 10 പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലുള്ളവരെ ബാധിച്ചു. നിലവില്‍ രോഗബാധിതരായ 49 പേരില്‍ ഭൂരിഭാഗവും കൊളറാഡോയിലും നെബ്രാസ്‌കയിലുമുള്ളവരാണെന്ന് ആരോഗ്യ ഏജന്‍സി അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് മക്ഡൊണാള്‍ഡിന്റെ ഓഹരികള്‍ ആറ് ശതമാനത്തിലധികം ഇടിഞ്ഞു.
വൃക്കയിലെ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന ഗുരുതരമായ അവസ്ഥയായ ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം ഉള്ള ഒരു കുട്ടി ഉള്‍പ്പെടെ പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധിതരായ എല്ലാ ആളുകളിലും ഇ.കോളിയാണ് കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് മക്ഡൊണാള്‍ഡ്സില്‍നിന്നും ഭക്ഷണം കഴിച്ചതായി എല്ലാവരും വ്യക്തമാക്കിയിട്ടുണ്ട്.