ന്യൂഡല്‍ഹി: കൃത്രിമമായി പഴങ്ങള്‍ പാകമാക്കാന്‍ നിരോധിത ഉല്‍പന്നമായ ‘കാല്‍സ്യം കാര്‍ബൈഡ്’ ഉപയോഗിക്കരുതെന്ന് വ്യാപാരികളോടും ഭക്ഷ്യവ്യാപാരികളോടും ഭക്ഷ്യ നിയന്ത്രണ അതോറിറ്റി എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു. പഴങ്ങള്‍, പ്രത്യേകിച്ച് മാമ്പഴക്കാലമായതോടെ കാല്‍സ്യം കാര്‍ബൈഡിന്റെ നിരോധനം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, വ്യാപാരികള്‍, പഴങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ (എഫ്ബിഒകള്‍) എന്നിവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
‘മാമ്പഴം പോലുള്ള പഴങ്ങള്‍ പാകമാകാന്‍ സാധാരണയായി ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ്, ആര്‍സെനിക്കിന്റെയും ഫോസ്ഫറസിന്റെയും ദോഷകരമായ അംശങ്ങള്‍ അടങ്ങിയ അസറ്റിലീന്‍ വാതകം പുറത്തുവിടുന്നു. ഈ പദാര്‍ത്ഥങ്ങള്‍ തലകറക്കം, ഇടയ്ക്കിടെയുള്ള ദാഹം, തളര്‍ച്ച, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛര്‍ദ്ദി, ചര്‍മ്മത്തിലെ അള്‍സര്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അതോരിറ്റി ചൂണ്ടിക്കാട്ടി. കൂടാതെ, അസറ്റിലീന്‍ വാതകം കൈകാര്യം ചെയ്യുന്നവര്‍ക്കും ഒരുപോലെ അപകടകരമാണ്. കാത്സ്യം കാര്‍ബൈഡ് പഴങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താനും പഴങ്ങളില്‍ ആര്‍സെനിക്, ഫോസ്ഫറസ് എന്നിവയുടെ അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കാനും സാധ്യതയുണ്ടെന്ന് റെഗുലേറ്റര്‍ പറഞ്ഞു.
ഈ അപകടങ്ങള്‍ കാരണം, 2011മുതല്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ (വില്‍പന നിരോധനവും നിയന്ത്രണങ്ങളും) റെഗുലേഷന്‍സ് പ്രകാരം പഴങ്ങള്‍ പഴുക്കാന്‍ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടക്കുന്നവര്‍ക്കെതിരെ 2006ലെ എഫ്എസ്എസ് ആക്ട്, 2006ലെ നിയമങ്ങള്‍/നിയമങ്ങള്‍ എന്നിവ പ്രകാരം കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പുകളോടും എഫ്എസ്എസ്എഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ പഴങ്ങള്‍ പാകമാകുന്നതിന് സുരക്ഷിതമായ ബദലായി എഥിലീന്‍ വാതകം ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി അനുമതി നല്‍കി. വിള, ഇനം, പാകം എന്നിവയെ ആശ്രയിച്ച് 100 പിപിഎം വരെ സാന്ദ്രതയില്‍ എഥിലീന്‍ വാതകം ഉപയോഗിക്കാം.