സപ്ലൈകോ വില വ‍ർധനവിൽ പ്രതികരിച്ച് മന്ത്രി, ‘ഒന്നുമില്ലാതെ തുറന്ന് വെച്ചിരിക്കുന്നതിനേക്കാൾ നല്ലതല്ലേ ഇത്’

തിരുവനന്തപുരം: സപ്ലൈകോ വില വർധനവിൽ പ്രതികരിച്ച് ഭക്ഷ്യ മന്ത്രി ജി ആര്‍ അനിൽ രംഗത്തെത്തി. ഒരു സ്ഥാപനം തുറന്ന് വെച്ചിട്ട് ഒന്നും ഇല്ലാതെ വെറുതേ ഇരിക്കുന്നതിനേക്കാൾ നല്ലതല്ലെ ചെറിയ വർധനവ് വരുത്തി നിലനിർത്തുന്നതെന്നാണ് മന്ത്രി പ്രതികരിച്ചത്. വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ ആകാത്ത സാഹചര്യമായതിനാലാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നും മന്ത്രി ന്യായീകരിച്ചു. പൊതു വിപണിയിൽ നിന്ന് 35% വില കുറച്ചാണ് സാധനങ്ങൾ ലഭ്യമാക്കുന്നതെന്നും നിലവിലെ കണക്ക് പ്രകാരം13 ഇനം സാധനങ്ങൾക്ക് പൊതു വിപണയിൽ ഉള്ളതിനേക്കാൾ 506 രൂപയോളം കുറവ് ഉണ്ടാകുമെന്നും മന്ത്രി വിവരിച്ചു.

വില വർധനവ് പാടില്ലെന്ന സർക്കാരിന്‍റെ നയപരമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാലമത്രയും വില വർധിപ്പിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ഇനിയും വില വ‍ർധിപ്പിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നതിനാലാണ് ഇപ്പോൾ വില വർധിപ്പിച്ചതെന്നും മന്ത്രി വിശദീകരിച്ചു. പൊതുവിപണിയിലെ വിലയും സബ്സിഡി നിരക്കും തമ്മിൽ ഏറെ അന്തരം ഉണ്ട്. വിപണിയിലെ വിലമാറ്റം അനുസരിച്ച് ഇനി മാറ്റമുണ്ടാകും.ചിലപ്പോൾ വില കുറയും, ചിലപ്പോള്‍ വില കൂടും. ശരാശരി 1446 രൂപയുള്ള 13 ഉത്പന്നങ്ങൾ 940 രൂപക്ക് കിട്ടും. അതായത് 506 രൂപയുടെ വ്യത്യാസം ജനങ്ങൾക്ക് ഉണ്ടാകുമെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനിൽ ചൂണ്ടികാട്ടി.

അതേസമയം സംസ്ഥാനത്ത് സപ്ലൈകോയിൽ ഇന്നലെ രാത്രിയാണ് വില വർധനവ് പ്രഖ്യാപിച്ചത്. സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന സബ്‌സിഡിയിൽ കുറവ് വരുത്തിയതോടെയാണ് ഈ വില വർധനവ്. 13 ഇനം സാധനങ്ങൾക്ക് നൽകിയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാൻ തീരുമാനിച്ചത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക.

Food safety minister GR Anil justifies supplyco price hike latest news

More Stories from this section

family-dental
witywide