നാഗ്പൂർ: നാഗ്പൂരിൽ 82കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൻ്റെ അന്വേഷണത്തിൽ സുപ്രധാന വഴിത്തിരിവ്. 300 കോടി രൂപയുടെ കുടുംബ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി മരുമകൾ കൊലപാതക ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റൻ്റ് ഡയറക്ടർ അർച്ചന മനീഷ് പുത്തേവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അർച്ചന കൊലയാളികളെ വാടകയ്‌ക്കെടുത്തതായും ഒരു കോടി രൂപ ചെലവഴിച്ചതായും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ 82 വയസുകാരനായ പുരുഷോത്തം പുത്തേവാറിനെ വാഹനം ഇടിപ്പിച്ച് കൊന്നതാണെന്നു സ്ഥിരീകരിച്ചു.
53 കാരിയായ യുവതി തൻ്റെ ഭർത്താവിൻ്റെ ഡ്രൈവറായ ബാഗ്‌ഡെ, മറ്റ് രണ്ട് പ്രതികളായ നീരജ് നിംജെ, സച്ചിൻ ധാർമിക് എന്നിവരുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇവർക്കെതിരെ കൊലക്കുറ്റവും ഐപിസി, മോട്ടോർ വെഹിക്കിൾ ആക്‌ട് തുടങ്ങിയ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. രണ്ട് കാറുകളും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന തന്റെ ഭാര്യയെ കാണാൻ ആശുപത്രിയിൽ പോകുന്നതിനിടെയാണ് പുരുഷോത്തം പുത്തോവാർ കൊല്ലപ്പെട്ടത്. പുരുഷോത്തമിന്റെ മകനും അർച്ചനയുടെ ഭർത്താവുമായ മനീഷ് നാഗ്പൂരിലെ പ്രശസ്തനായ ഇഎൻടി ഡോക്ടറാണ്.