ന്യൂഡല്‍ഹി: തന്ത്രപ്രധാന മേഖലകളില്‍ യുഎസ് നിക്ഷേപം ശക്തമാക്കുന്നതിനാല്‍, ഡോണാള്‍ഡ് ട്രംപ് പ്രസിഡന്റായിക്കഴിഞ്ഞാല്‍ ചൈനയില്‍ നിന്ന് വ്യാപാരവും നിക്ഷേപ പ്രവാഹവും വഴിതിരിച്ചുവിടുമെന്നും ഇത് ഇന്ത്യയ്ക്കും ആസിയാന്‍ രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും മൂഡീസ് റേറ്റിംഗ് റിപ്പോര്‍ട്ട്.
നവംബര്‍ 5-ന് അടുത്ത യുഎസ് പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, നിലവിലെ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങളില്‍ നിന്ന് ട്രംപിന്റെ നയങ്ങള്‍ മാറാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. രണ്ടാമത്തെ ട്രംപ് ഭരണകൂടത്തില്‍, ഏഷ്യാ-പസഫിക് മേഖലയില്‍, തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപം യുഎസ് കര്‍ശനമാക്കുന്നതിനാല്‍, വ്യാപാരവും നിക്ഷേപവും ചൈനയില്‍ നിന്ന് കൂടുതല്‍ വഴിതിരിച്ചുവിട്ടേക്കാം. ഇത് ചൈനയുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും പ്രാദേശിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും, ഈ മാറ്റം ഇന്ത്യയ്ക്കും ആസിയാന്‍ രാജ്യങ്ങള്‍ക്കും ഗുണം ചെയ്തേക്കാം- എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
അനധികൃതമായ കുടിയേറ്റങ്ങള്‍ തടയുന്നതിനായി ട്രംപ് കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കര്‍ശനമായ വിസ നിയന്ത്രണങ്ങള്‍, കുറഞ്ഞ അഭയ ഗ്രാന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള നടപടികളിലേക്കും ട്രംപ് സര്‍ക്കാര്‍ കടക്കും എന്നാണ് വിലയിരുത്തല്‍. മാത്രമല്ല, അമേരിക്കയും ചൈനയും തമ്മില്‍ നിലവിലുള്ള അസ്വാരസ്യങ്ങള്‍ ട്രംപ് അധികാരത്തിലേര്‍ന്നതോടെ വര്‍ധിക്കാനാണ് സാധ്യത എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.