ബാഴ്‌സലോണ: ബ്രസീലിന്‍റേയും ബാഴ്‌സലോണയുടെയും ഇതിഹാസ താരമായ ഡാനി ആൽവസിനെതിരായ ബലാത്സംഗക്കേസിൽ വിചാരണ തുടങ്ങി. 2022 ൽ നിശാക്ലബ്ബിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് ഡാനി ആൽവസിനെതിരെ ബാഴ്സലോണയിൽ തിങ്കളാഴ്ച വിചാരണ തുടങ്ങിയത്. താരത്തിന് കടുത്ത ശിക്ഷ നൽകണമെന്നാണ് വാദിഭാഗത്തിൻ്റെ ആവശ്യം. ഒമ്പത് വർഷത്തെ തടവ് ശിക്ഷയടക്കം ഡാനി ആൽവസിന് നൽകണമെന്ന് വാദിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടു. ഇതിനൊപ്പം തന്നെ യുവതിക്ക് നഷ്ടപരിഹാരമായി 150,000 യൂറോ അഥവാ 162,000 ഡോളർ നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
2022 ഡിസംബര്‍ 31ന് ബാഴ്‌സലോണയിലെ ഒരു നൈറ്റ് ക്ലബില്‍ വെച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് 2023 ജനുവരിയിൽ താരം അറസ്റ്റിലായിരുന്നു. ശേഷം റിമാൻഡിലുമായിരുന്നു ഡാനി ആൽവസ്. തനിക്കെതിരായ ആരോപണം താരം ആദ്യം മുതലേ നിഷേധിച്ചിട്ടുണ്ട്. നിയമ പോരാട്ടത്തിലൂടെ സത്യം തെളിയിക്കും എന്നാണ് താരം നേരത്തെ പ്രതികരിച്ചത്. ‘സംഭവസ്ഥലത്ത് ഞാനുണ്ടായിരുന്നു. എന്‍റെ കൂടെ വേറെയും കുറെ പേരുണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് ഇഷ്‌ടപ്പെടുന്ന ആളാണെന്ന് എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. മറ്റാരുടേയും വ്യക്തിത്വത്തിലേക്ക് കടന്നുകയറാതെ ഞാന്‍ ഡാന്‍സ് ആസ്വദിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച വനിത ആരാണെന്ന് തനിക്കറിയില്ല’ എന്നുമായിരുന്നു ഡാനി ആല്‍വസ് ആദ്യം പ്രതികരിച്ചത്. എന്നാൽ പിന്നീട് തങ്ങൾ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നായിരുന്നു താരം പ്രതികരിച്ചത്.
അതേസമയം നിശാക്ലബിലെ ജീവനക്കാരുൾപ്പെടെ 30 ഓളം പേരുടെ മൊഴിയെടുക്കാനാണ് വിചാരണ നിശ്ചയിച്ചിരിക്കുന്നത്. ഇത് ബുധനാഴ്ച പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ബ്രസീല്‍ കുപ്പായത്തിലും വിവിധ ക്ലബുകളിലുമായി ആല്‍വസ് 43 കിരീടങ്ങളുയര്‍ത്തിയുണ്ട്. ബാഴ്‌സലോണ, യുവന്‍റസ്, പിഎസ്‌ജി, സെവിയ്യ തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള ബ്രസീലിയന്‍ താരം ഇപ്പോള്‍ മെക്‌സിക്കന്‍ ക്ലബ് പ്യൂമാസിനായാണ് ബൂട്ടണിയുന്നത്. എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ളയാളാണ് ഡാനി ആല്‍വസ്. ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടി. ഖത്തറില്‍ അവസാനിച്ച ഫുട്ബോള്‍ ലോകകപ്പില്‍ കാമറൂണിനെതിരായ മത്സരത്തില്‍ ആല്‍വസ് കളത്തിലിറങ്ങിയിരുന്നു. ലോകകപ്പില്‍ കളിക്കുന്ന പ്രായം കൂടിയ ബ്രസീലിയന്‍ എന്ന നേട്ടം ഇതോടെ ഡാനി ആല്‍വസ് സ്വന്തമാക്കിയിരുന്നു.
Former Barcelona footballer Dani Alves’ trial for rape begins in Spanish court