ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള AICC സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമായിരുന്നു പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്.

ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്‌. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു.

ഇതിനിടെ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു.

പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. ഇതോടെ ബി.ജെ.പി സന്ദീപിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സന്ദീപിന്റെ മറുപടി. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന നിലപാടില്‍ സന്ദീപ് ഉറച്ചു നിന്നു. അല്ലാതെ പാര്‍ട്ടി വേദികളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Former BJP Leader Sandeep Warrier Joined Congress

More Stories from this section

family-dental
witywide