ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വെള്ളിയാഴ്ച ഔദ്യോഗിക വസതി ഒഴിഞ്ഞു. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറായ കെജ്രിവാള്‍ മാതാപിതാക്കളെയും ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി കാറില്‍ പുതിയ വീട്ടിലേക്ക് പോകുകയായിരുന്നു. നവരാത്രി കാലത്ത് മുഖ്യമന്ത്രിയുടെ വസതി ഒഴിയുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. വാക്കുപാലിച്ചാണ് പടിയിറക്കം.
മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് എംപിക്ക് അനുവദിച്ച ബംഗ്ലാവിലേക്കാണ് മാറ്റം. ഫിറോസ്ഷാ റോഡിലുള്ള പഞ്ചാബ് രാജ്യസഭാ എംപി അശോക് മിത്തലിന്റെ വസതിയിലേക്കാണ് എത്തിയത്.
കഴിഞ്ഞ മാസമാണ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. എക്‌സൈസ് പോളിസി കേസില്‍ അഞ്ച് മാസത്തെ തടവിന് ശേഷം സുപ്രീം കോടതി ജാമ്യം നല്‍കിയതോടെ സെപ്റ്റംബര്‍ 13 നാണ് എഎപി മേധാവി തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
എക്സൈസ് നയത്തിലും മുഖ്യമന്ത്രിയുടെ ബംഗ്ലാവ് പുനര്‍നിര്‍മിച്ചതിലും അഴിമതി നടത്തിയെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ട്.