തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞെങ്കിലും കേരളവുമായുള്ള ബന്ധം തുടരുമെന്ന് മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം പുതിയ ചുമതലയേറ്റെടുക്കാന്‍ ബിഹാറിലേക്ക് തിരിക്കും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലാണ് അദ്ദേഹം സംസാരം തുടങ്ങിയത്. സര്‍വകലാശാല വിഷയത്തിലൊഴികെ കേരള സര്‍ക്കാരുമായി യാതൊരു കലഹവും ഉണ്ടായിരുന്നില്ലെന്നും കേരള സര്‍ക്കാരിന് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം വിടുന്ന സാഹചര്യത്തില്‍ വിവാദ ചോദ്യങ്ങളോടൊന്നും തന്നെ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. സ്ഥാനമൊഴിഞ്ഞ് പോകുന്ന ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ എത്തിയില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണമുള്ളതിനാല്‍ യാതൊരു ഔദ്യോഗിക ചടങ്ങുകളും പാടില്ല എന്നുള്ളതിനാലാണ് പ്രത്യേക യാത്രയയപ്പ് നല്‍കാതിരുന്നതെന്നാണ് ഇതിന് പൊതുഭരണ വകുപ്പ് നല്‍കുന്ന വിശദീകരണം.
മുൻ ഗവർണർ പി. സദാശിവത്തിന് രാജ്ഭവനിലെ യാത്രയയപ്പ് സമ്മേളനത്തിന് പുറമേ മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനം നടത്തിയിരുന്നു. മാത്രമല്ല പിണറായി വിജയന്‍ വിമാനത്താവളത്തില്‍ നേരിട്ട് എത്തി അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തിരുന്നു. ആരിഫ് മുഹമ്മദ് ഖാനെ യാത്രയാക്കാൻ ചീഫ് സെക്രട്ടറിയും കലക്ടറുമാണ് രാജ്ഭവനിലെത്തിയത്.
മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലെത്താൻ തയാറായില്ല. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്ക് ടാറ്റാ നൽകി. പേട്ടയിൽ വച്ചാണ് ഗവർണർക്ക് എസ്എഫ്ഐ പ്രവർത്തകർ ടാറ്റ നൽകിയത്.
former Kerala Governor Arif Mohammed Khan left Kerala no ministers to bid farewell