ചേര്‍ത്തല: പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വായ്പയെടുത്ത് കടക്കെണിയിലായ സി.പി.എം പള്ളിപ്പുറം വടക്ക് ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പളിപ്പുറം പഞ്ചായത്ത് ഒന്നാം വാര്‍ഡ് പടിഞ്ഞാറെ കുട്ടന്‍ചാല്‍ മണ്ണാറ ജോസ് മാത്യു (അപ്പച്ചന്‍-70) ജീവനൊടുക്കി. വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിലവില്‍ സി.പി.എം കുട്ടന്‍ചാല്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. മുമ്പ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നു പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ലോണ്‍ എടുക്കുകയും കടക്കെണിയിലാകുകയുമായിരുന്നുവെന്നാണ് വിവരം. മരണത്തിനു പിന്നാലെ, വഞ്ചിക്കപ്പെട്ടെന്ന് കാട്ടി ജോസ് മാത്യുവിന്റെ പേരില്‍ സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസറിന് അയച്ചതെന്ന് പറയപ്പെടുന്ന കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു കത്ത് കിട്ടിയതായി ഓര്‍മ്മയില്ലെന്നാണ് ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ പ്രതികരണം.
ഡ്രൈവറായ മകന്‍ മാത്യു ജോസ് രാത്രിയില്‍ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതയായ പെണ്ണമ്മയാണ് ഭാര്യ. അസ്വാഭാവിക മരണത്തിന് ചേര്‍ത്തല പൊലീസ് കേസെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് സര്‍ജ്ജന്റെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.