ഗാസയെ പിന്തുണച്ചതിന് പിരിച്ചുവിട്ടു; മെറ്റക്കെതിരെ കേസ് കൊടുത്ത് എൻജിനീയർ

ന്യൂയോർക്ക്: ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിൽ കമ്പനി പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് മെറ്റയിലെ മുൻ എൻജിനീയർ. പലസ്തീനിലെ വാർത്തകൾ സംബന്ധിച്ച ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ അടിച്ചമർത്തുന്നതിന് കാരണമായ ബഗുകൾ പരിഹരിക്കാൻ സഹായിച്ചതിന് മെറ്റ തന്നെ പുറത്താക്കിയതായി ചൂണ്ടിക്കാട്ടി എൻജിനീയർ കമ്പനിക്കെതിരെ കേസ് കൊടുത്തു.

2021 മുതൽ മെറ്റയുടെ മെഷീൻ ലേണിംഗ് ടീമിലുണ്ടായിരുന്ന പലസ്തീൻ-അമേരിക്കൻ എൻജിനീയറായ ഫെറാസ് ഹമദിനെ ഫെബ്രുവരിയിലാണ് കമ്പനി പിരിച്ചുവിട്ടത്. കമ്പനി പലസ്തീനികൾക്കെതിരെ വിവേചനപരമായി പെരുമാറിയതായി കാലിഫോർണിയ കോടതിയിൽ നൽകിയ പരാതിയിൽ ഫെറാസ് പറയുന്നു. ഗാസയിലെ ബന്ധുക്കളുടെ മരണം പരാമർശിച്ച് ജീവനക്കാർ പരസ്പരമുള്ള ആശയവിനിമയങ്ങൾ വരെ കമ്പനി മായ്ച്ചുകളഞ്ഞതായും പലസ്തീൻ പതാകയുടെ ഇമോജികൾ ഉപയോഗിച്ചതിന് അന്വേഷണം നടത്തിയതായും അദ്ദേഹം പരാതിയിൽ പറയുന്നു.

എന്നാൽ, സമാനമായ സന്ദർഭങ്ങളിൽ ഇസ്രയേലി-ഉക്രേനിയൻ പതാകയുടെ ഇമോജികൾ പോസ്റ്റുചെയ്യുന്ന ജീവനക്കാർക്കെതിരെ കമ്പനി അത്തരം അന്വേഷണങ്ങളൊന്നും ആരംഭിച്ചില്ലെന്നും പരാതിയിൽ പറയുന്നു.