മുഖ്യമന്ത്രിസ്ഥാനത്തിന് വനിതാസംവരണം വേണമെന്ന ആവശ്യത്തോട് യോജിപ്പില്ല: ജി. സുധാകരന്‍

ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനത്തിന് വനിതാസംവരണം വേണമെന്ന ചില കേന്ദ്രങ്ങളുടെ ആവശ്യത്തോട് യോജിപ്പില്ലെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍. ആധാരമെഴുത്ത് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സമ്മേളനം മാവേലിക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി. സുധാകരന്‍.

ചില വ്യക്തികളെ കണ്ടുകൊണ്ടാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നത്. മതിയായ യോഗ്യതയുളള വനിതകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ പരോക്ഷമായി വിമർശിച്ച് ജി സുധാകരൻ രംഗത്തെത്തിയിരുന്നു. ‘ആരാണ് ഈ ടീച്ചറമ്മ’ എന്ന് ചോദിച്ച സുധാകരൻ, ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമൊന്നുമില്ലെന്നും നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിയാകാനുള്ള യോഗ്യതയെന്നും പറഞ്ഞിരുന്നു. പത്തനംതിട്ട തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു സുധാകരന്റെ പരാമർശം.

‘‘പുതുശ്ശേരി പറഞ്ഞു ടീച്ചറമ്മയെ മന്ത്രിയാക്കിയില്ലെന്ന്. ആരാണ് ഈ ടീച്ചറമ്മ. അങ്ങനെ ഒരു അമ്മയെ ഞാൻ കേട്ടിട്ടില്ല. ഒരമ്മയ്ക്കും ആരും അങ്ങനെ പേരിട്ടിട്ടില്ല. അവരവരുടെ പേര് പറഞ്ഞാ മതി. ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമില്ല. കഴിവുള്ള പലരും കേരളത്തിൽ മന്ത്രിമാരായില്ല. വാർധക്യമായില്ല, ചിലപ്പോൾ ആകുമായിരിക്കും. ഞാൻ വിമർശിക്കുകയല്ല. പലരും പലതരത്തിൽ മന്ത്രിയാകും. ആ മന്ത്രിമാരെപ്പറ്റിയല്ല ഞാൻ പറയുന്നത്. കൊച്ചുകൊച്ചു പാർട്ടിക്ക് ഒരു എംഎൽഎ മാത്രേ കാണൂ, അയാൾ മന്ത്രിയാകും. പുതിയ ആൾ ആയിരിക്കും. അത്യാവശ്യം ഒരു ലാത്തിയൊക്കെ ശരീരത്തിൽകൊള്ളണം. അതൊക്കെ അറിഞ്ഞിരിക്കണം. അങ്ങനെ ഒക്കെയാണ് ഇവിടെ ആയിട്ടുള്ളത്. സഹാനുഭൂതിയോ നല്ലതുപോലെ സംസാരിക്കുന്നതോ അല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത. ആ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച് പ്രസ്ഥാനത്തെ വളർത്തി അഭിപ്രായങ്ങൾ ധൈര്യമായി പറഞ്ഞ് തുല്യഅവസരങ്ങൾ ഉപയോഗിച്ച് പ്രക്ഷോഭങ്ങളിൽ മുൻപന്തിയിൽ നിന്ന് അങ്ങനെയാണ് വരേണ്ടത്’’- സുധാകരൻ പറഞ്ഞു.

More Stories from this section

family-dental
witywide