
സൈഫർ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിക്കും ഔദ്യോഗിക രഹസ്യ നിയമപ്രകാരം 10 വർഷം ജയില്‍ ശിക്ഷ വിധിച്ച് പ്രത്യേക കോടതി. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കുറ്റപത്രപ്രകാരം ഇമ്രാന്‍ ഖാന്‍ തിരികെ നല്‍കാത്ത നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫർ കേസ്. അതീവ രഹസ്യ സ്വഭാവമുള്ള ഡിപ്ലോമാറ്റിക് കേബിൾ ( സൈഫർ) ഖാൻ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. 2022 മാർച്ച് 22 ലെ ഒരു പൊതു റാലിക്കിടെ ഒരു പേപ്പർ ഉയർത്തിക്കാട്ടി തൻ്റെ സർക്കാരിനെ മറിച്ചിടാൻ രാജ്യാന്തര തലത്തിൽ ഗൂഢാലോചന നടക്കുന്നതിന്റെ തെളിവാണ് ഇത് എന്നു പറഞ്ഞ് ഉയർത്തികാട്ടിയിരുന്നു. ഓഗസ്റ്റ് 15നാണ് ഇതു സംബന്ധിച്ച കേസ് ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി ഫയൽ ചെയ്തത്. വാഷിങ്ടണിലെ പാക്എംബസി അയച്ച രഹസ്യ സന്ദേശമായിരുന്നു ഇമ്രാൻ്റെ കയ്യിലുണ്ടായിരുന്നത് എന്നു പറയപ്പെടുന്നു.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാനെ നീക്കുമെന്നുള്ള അമേരിക്കയുടെ ഭീഷണി രേഖയിലടങ്ങിയിട്ടുണ്ടെന്ന് ഇമ്രാന്‍ ഖാൻ്റെ പാർട്ടിയായ പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് (പിടിഐ) വാദിക്കുന്നു.
പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ആഴ്ച മാത്രം ശേഷിക്കെയാണ് വിധി വന്നിരിക്കുന്നത്. പിടിഐ പാകിസ്താനില്‍ കനത്ത തിരിച്ചടി നേരിടുകയും ചിഹ്നമില്ലാതെ മത്സരിക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ശിക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് അഞ്ചാം തീയതി തോഷഖാന കേസില്‍ മൂന്ന് വർഷത്തെ ശിക്ഷയാണ് ഇമ്രാന് ലഭിച്ചത്.
പ്രത്യേക കോടതി ജഡ്ജിയായ അബുവല്‍ ഹസ്നത് സുല്‍ഖർനൈനാണ് വിധി പ്രസ്താവിച്ചത്. വിചാരണയ്ക്ക് ശേഷം സൈഫറുമായി സംബന്ധിച്ചുള്ള കോടതിയുടെ ചോദ്യത്തിന് തനിക്കറിയില്ലെന്നും സൈഫർ തന്റെ ഓഫീസിലാണ് ഉണ്ടായിരുന്നതെന്നുമായിരുന്നു ഇമ്രാന്റെ മറുപടി. വിധി പ്രസ്താവത്തിന് ശേഷം കോടതി മുറിയില്‍ നിന്ന് ജഡ്ജി പുറത്തിറങ്ങയതിന് പിന്നാലെ തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഖുറേഷി പ്രതിഷേധം രേഖപ്പെടുത്തി.
Former Pakistan PM Imran Khan gets 10 year imprisonment in Cipher case