മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു, വിടപറഞ്ഞത് ഇന്ത്യകണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധൻ

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു. ദില്ലി എയിംസിലായിരുന്നു അന്ത്യം. രാത്രി എട്ട് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുൻ പ്രധാനമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദില്ലി എയിംസിൽ രാത്രി 9.51 നാണ് മരണം സ്ഥിരീകരിച്ചത്. 2004 മുതൽ 2014 വരെയുള്ള കാലയളവിലാണ് മൻമോഹൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നത്.

1991-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയാതോടെയാണ് മൻമോഹൻ ശ്രദ്ധിക്കപ്പെട്ടത്. 2004 ൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ രാജ്യം ഭരിക്കാനുള്ള ചുമതല മൻമോഹനിലേക്ക് എത്തുകയായിരുന്നു. രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ സ്ഥിരതയാർന്ന വളർച്ചയ്ക്ക് പ്രേരകമായ നയങ്ങൾ നടപ്പാക്കിയ അദ്ദേഹം 2008 ൽ ലോകം നേരിട്ട സാമ്പത്തിക മാന്ദ്യത്തിൻ്റെ പ്രതിസന്ധിയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയതിന്‍റെ പേരിൽ ഏറെ പ്രശംസ നേടിയിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചിരിക്കുകയായിരുന്നു. റിസർവ് ബാങ്ക് ഗവർണറായും രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടറായും ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 1987ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ: ഗുർശരൺ കൗർ. മക്കൾ: ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ്.

More Stories from this section

family-dental
witywide