ഗാംഗ്‌ടോക്ക്: സിക്കിം മുൻ മന്ത്രി ആർ സി പൗഡ്യാലിനെ മരിച്ച നിലയിൽ കണ്ടെത്തി. സിക്കിമിൽ നിന്നും കാണാതായ പൗഡ്യാലിനെ ഒമ്പത് ദിവസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള കനാലിൽ മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഫുൽബാരിയിലെ ടീസ്റ്റ കനാലിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് 80 കാരനായ പൗഡ്യാലിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നദിയിൽ തള്ളിയതാകാനാണ് സാധ്യതയെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പൗഡ്യാൽ ധരിച്ചിരുന്ന വാച്ചും വസ്ത്രങ്ങളുമാണ് മൃതദേഹം തിരിച്ചറിയാൻ സഹായകരമായത്. പക്യോങ് ജില്ലയിലെ ജന്മനാടായ ചോട്ടാ സിങ്താമിൽ നിന്ന് ജൂലൈ ഏഴിനാണ് സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാവിനെ കാണാതായത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനോടുവിലാണ് ഇപ്പോൾ മൃതദേഹം ബംഗാളിൽ നിന്നും കണ്ടെത്തിയത്.
ആദ്യ സിക്കിം നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പൗഡ്യാൽ പിന്നീട് സംസ്ഥാന വനം മന്ത്രിയായി. 70 കളുടെ അവസാനത്തിലും 80 കളിലും റൈസിംഗ് സൺ പാർട്ടി സ്ഥാപിച്ച അദ്ദേഹം സിക്കിം രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായി മാറിയിരുന്നു. പൗഡ്യാലിൻ്റെ മരണ വാർത്തയിൽ മുഖ്യമന്ത്രി പി എസ് തമാങ് അടക്കമുള്ളവർ നടുക്കവും അനുശോചനവും രേഖപ്പെടുത്തി.