ഫോർട്ട് വർത്ത്: മദ്യലഹരിയിൽ യുവതി ഓടിച്ച വാഹനമിടിച്ച് ഫോർട്ട് വർത്ത് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ ഫോർട്ട് വർത്ത് അന്തർസംസ്ഥാന എക്സിറ്റ് റാംപിലായിരുന്നു അപകടം. ഫോർട്ട് വർത്ത് പൊലീസ് സർജന്റ് ബില്ലി റാൻഡോൾഫാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പ്രതി ഡി ഔജാലെ ഇവാൻസിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയ യുവതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ ഇവാൻസ് 750,000 ഡോളർ ബോണ്ടിൽ ടാരന്റ് കൗണ്ടി ജയിലിലാണ്.
കഴിഞ്ഞ 29 വർഷമായ് റാൻഡോൾഫ് ഫോർട്ട് വർത്ത് പൊലീസ് ഡിപ്പാർട്ട്മെന്റിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. അടുത്തിടെ അദ്ദേഹത്തെ സൗത്ത് പട്രോളിലേക്ക് നിയമിച്ചതായ് ഫോർട്ട് വർത്ത് പൊലീസ് ചീഫ് നീൽ നോക്‌സ് പറഞ്ഞു. അപകടത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.