ബില്‍ക്കിസ് ബാനു കേസ്; നീതിക്കായി നിയമയുദ്ധം ചെയ്ത ആ നാല് വനിതകള്‍ ഇവരാണ്

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സുപ്രീംകോടതി വിധിയെത്തിയത് രാജ്യത്തിന്റെ നിയമവ്യവസ്ഥിതിയില്‍ ഇനിയും വിശ്വാസം ബാക്കിയുള്ള എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു. കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയ വിധി വരുമ്പോള്‍ ചര്‍ച്ചയാവേണ്ട നാല് പേരുകളുണ്ട്. ബില്‍ക്കിസ് ബാനുവിന് വേണ്ടി നീതി തേടി ഇറങ്ങിയ നാല് വനിതകള്‍.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മെഹുവ മൊയിത്ര, സിപിഐഎം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയും ചലച്ചിത്ര നിര്‍മ്മാതാവുമായ രേവതി ലോള്‍, സാമൂഹിക പ്രവര്‍ത്തകയും ഫിലോസഫി മുന്‍ പ്രൊഫസറുമായ രൂപ് രേഖ് വര്‍മ്മ എന്നിവരാണ് ആ നാല് വനിതകള്‍. കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളുടെയും ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഈ നാല് വനിതകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ബില്‍ക്കേസ് ബാനുകേസിലെ പ്രതികള്‍ വീണ്ടും ജയിലിലേക്ക് പോകുമ്പോള്‍ നീതി നിഷേധത്തിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടിയ ഇവരെ ഓര്‍്ക്കാതിരിക്കാനാവില്ല. പിന്നെയും പല പേരുകളും ഈ പട്ടികയിലേക്ക് വന്നു ചേര്‍ന്നുവെങ്കിലും ആദ്യം ഇറങ്ങിത്തിരിച്ചത് ഈ നാലു പേരാണ്. സാമൂഹികമോ മാനുഷികമോ ആയ നീതിയെ ശക്തിപ്പെടുത്തുന്നതില്‍ വിധി പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയതോടെ ഇരയ്ക്ക് ജീവഭയമുണ്ടെന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയിലൂടെ ഇവര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കേസ് അന്വേഷിച്ചത് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഗുജറാത്ത് സര്‍ക്കാരിന് ഇളവ് നല്‍കാന്‍ കഴിയില്ലെന്ന പൊതുതാല്‍പര്യ ഹര്‍ജി ശരി വെച്ചുകൊണ്ടാണ് സുപ്രീംകോടതി വിധിയെത്തിയത്. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് നിരീക്ഷിച്ച കോടതി ശിക്ഷ ഇളവ് നല്‍കിയ ഉത്തരവ് റദ്ദാക്കി. സുപ്രീം കോടതി വിധിയോടെ 11 പ്രതികളും വീണ്ടും ജയിലിലേയ്ക്ക് മടങ്ങും.