കൊല്‍ക്കത്ത: ഫാ. ഡേവിസ് ചിറമ്മേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മദര്‍ തെരേസ സേവന അവാര്‍ഡിന് യുപി/ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായ മിയ രാജേഷ്, ഡെറിന്‍ ആന്റണി എന്നിവര്‍ കുടുംബ സമേതം കൊല്‍ക്കത്തയിലെത്തി. മദര്‍ തെരേസയുടെ കബറിടത്തിലെത്തിക്കാമെന്ന് കുട്ടികള്‍ക്കുകൊടുത്ത വാക്കുപാലിച്ച് ഫാ. ഡേവിസ് ചിറമ്മേല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരവാഹികളും ഇവര്‍ക്കൊപ്പമുണ്ട്. ഒരു ദിവസം കൊല്‍ക്കത്തയില്‍ ചിലവഴിച്ചാകും ഇവര്‍ മടങ്ങുക.
സാമൂഹിക സേവന രംഗത്ത് കുട്ടികളുടെ സാന്നിധ്യം പ്രോത്സാഹിപ്പിക്കുന്നതായി ഫാ. ഡേവിസ് ചിറമ്മേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രയത്‌നിക്കുന്നതിന്റെ ഭാഗമായി നൂറില്‍ പരം സ്‌കൂളുകളാണ് വരും വര്‍ഷം മദര്‍ തെരേസ സേവന അവാര്‍ഡിന് കേരളത്തില്‍ നിന്നും മത്സരിക്കുക. ഇതോടെ രണ്ടു ലക്ഷത്തോളം മണിക്കൂറുകള്‍ കുട്ടികള്‍ സാമൂഹിക സേവനത്തിനായി ചിലവഴിക്കും. കഴിഞ്ഞ വര്‍ഷം എഴുപതിനായിരം മണിക്കൂറുകളാണ് കുട്ടികള്‍ സാമൂഹിക സേവന രംഗത്ത് ചിലവഴിച്ചത്.
നൃത്തവും സംഗീതവും ഉള്‍പ്പെടെയുള്ള കലകളെ പ്രോത്സാഹിപ്പിക്കുന്നതുപോലെ നിസ്വാര്‍ത്ഥമായ സാമൂഹിക സേവന രംഗത്ത് വിപുലമായി അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണ് ഫാ. ഡേവിസ് ചിറമ്മേല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പരിശ്രമങ്ങള്‍.