കുട്ടികള്‍ക്കെതിരായ അശ്ലീലത, മയക്കുമരുന്ന് കടത്ത്…പിടിയിലായ ടെലഗ്രാം സിഇഒയ്‌ക്കെതിരെ കുറ്റം ചുമത്തി ഫ്രാന്‍സ്

ന്യൂഡല്‍ഹി: പിടിയിലായ ടെലഗ്രാം മെസേജിംഗ് ആപ്പ് സ്ഥാപകനും സിഇഒയുമായ പവല്‍ ദുറോവിനെതിരെ കുറ്റം ചുമത്തി ഫ്രാന്‍സ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടിയ അധികൃതര്‍ കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുക, മയക്കുമരുന്ന് കടത്ത്, വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ടെലിഗ്രാമില്‍ പ്രചരിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി. ഈ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ കോടീശ്വരന്‍ പരാജയപ്പെട്ടുവെന്നും ഫ്രാന്‍സിലെ കോടതി വിധിച്ചു.

അധികാരികള്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാന്‍ വിസമ്മതിച്ചതിനും 39കാരനായ ദുറോവിനെതിരെ കുറ്റം ചുമത്തിയതായി പാരീസ് പ്രോസിക്യൂട്ടര്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ചയാണ് റഷ്യന്‍ വംശജനായ ദുറോവിനെ ഫ്രാന്‍സ് അറസ്റ്റുചെയ്തത്. ഫ്രാന്‍സ് വിട്ടുപോകരുതെന്നും ആഴ്ചയില്‍ രണ്ടുതവണ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നുമുള്ള വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. 5.6 മില്യണ്‍ ഡോളര്‍ ജാമ്യം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, ഞായറാഴ്ച കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍, ദുറോവിന് ‘മറയ്ക്കാന്‍ ഒന്നുമില്ലെന്നും’ ടെലഗ്രാം യൂറോപ്യന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

More Stories from this section

family-dental
witywide