പാരീസ്: ലോകത്തെ ഞെട്ടിച്ച പാരീസ് കൂട്ടബലാത്സംഗക്കേസിൽ ഇരയുടെ ഭർത്താവ് ഡൊമിനിക് പെലിക്കോട്ടിനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇരയായ ഗിസെലെ പെലിക്കോട്ടിനെ ഒരു ദശാബ്ദത്തോളം തുടർച്ചയായി മയക്കുമരുന്ന് നൽകി ബോധരഹിതയാക്കി ബലാത്സംഗം ചെയ്യാൻ നിരവധി അപരിചിതരെ ക്ഷണിച്ചതിലും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
കൂട്ടബലാത്സംഗക്കേസ് ലോകത്തെ ഞെട്ടിക്കുകയും ഗിസെലെ പെലിക്കോട്ടിനെ ധീരതയുടെയും പ്രതിരോധത്തിൻ്റെയും പ്രതീകമാക്കി മാറ്റുകയും ചെയ്തു. ശിക്ഷയുടെ മൂന്നിൽ രണ്ട് ഭാഗം കഴിയുന്നതുവരെ ഡൊമിനിക് പെലിക്കോട്ടിന് പരോളിന് അർഹതയില്ലെന്ന് അവിഗ്നനിലെ ക്രിമിനൽ കോടതിയിലെ പ്രിസൈഡിംഗ് ജഡ്ജി റോജർ അരാറ്റ പറഞ്ഞു. ഫ്രഞ്ച് കൂട്ടബലാത്സംഗ വിചാരണയിൽ 27-നും 74-നും ഇടയിൽ പ്രായമുള്ള മറ്റ് 50 പ്രതികളെയും കോടതി ശിക്ഷിച്ചു.
3 മുതൽ 20 വർഷം വരെയാണ് ഇവരെ ശിക്ഷിച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. എഴുപത്തിരണ്ടുകാരനായ ഡൊമിനിക് പെലിക്കോട്ട് മൂന്ന് മാസത്തെ വിചാരണയ്ക്കിടെ കുറ്റം സമ്മതിക്കുകയും കുടുംബത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ 50 പ്രതികളിൽ ഭൂരിഭാഗവും ബലാത്സംഗം നിഷേധിച്ചു. ദമ്പതികൾ സംഘടിപ്പിച്ച സമ്മതത്തോടെയുള്ള ലൈംഗിക ഗെയിമിൽ തങ്ങൾ പങ്കെടുത്തുവെന്നാണ് കരുതിയതെന്നും ഭർത്താവ് അംഗീകരിച്ചാൽ അത് ബലാത്സംഗമല്ലെന്നും ഇവർ വാദിച്ചു.
72 കാരിയായ ഗിസെലെ, വിചാരണയ്ക്കിടെ സ്വത്വം മറയ്ക്കരുതെന്നും തന്റെ പേരും വിവരവും വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. മുൻ ഭർത്താവ് റെക്കോർഡുചെയ്‌ത ബലാത്സംഗങ്ങളുടെ ഭയാനകമായ വീഡിയോകൾ കോടതിയിൽ കാണണമെന്ന് ആവശ്യപ്പെട്ടു.
France Mass Rape Survivor’s Ex Husband Gets 20 Years In Jail